പൊരുതി തോറ്റു ടുണീഷ്യ , ജയത്തോടെ ഓസ്ട്രേലിയ

ദോഹ: അവസാനം വരെ പൊരുതിക്കളിച്ച ടൂണീഷ്യയെ എതിരില്ലാത്ത ഒരു ഗോളിന് തളച്ച് ഓസ്ട്രേലിയ. ഗ്രൂപ്പ് ഡിയില്‍ ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണായകമായ പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ ഓസ്ട്രേലിയ നേടിയ ഒരു ഗോളിന് മറുപടി കണ്ടെത്താന്‍ ടുണീഷ്യക്ക് സാധിച്ചില്ല. ഓസ്ട്രേലിയക്ക് വേണ്ടി മിച്ചല്‍ തോമസ് ഡ്യൂക്ക് ആണ് ഗോള്‍ നേടിയത്. യൂറോപ്യന്‍ കരുത്തരായ ഡെന്‍മാര്‍ക്കിനെ സമനിലയില്‍ തളച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് ടൂണീഷ്യ ഓസ്ട്രേലിയയെ നേരിടാന്‍ എത്തിയത്.
എന്നാല്‍, 23-ാം മിനിറ്റില്‍ ഹെഡറിലൂടെ മിച്ചല്‍ തോമസ് ഡ്യൂക്ക് ഓസ്ട്രേലിയയെ മുന്നിലെത്തിച്ചത് ടൂണീഷ്യയെ ഞെട്ടിച്ചു. ഗുഡ്‍വിന്‍റെ ഇടത് വശത്ത് നിന്നുള്ള കുതിപ്പാണ് ഓസ്ട്രേലിയക്ക് ഗോള്‍ സമ്മാനിച്ചത്. ബോക്സിലേക്കുള്ള ക്രോസ് ഒരു ഡിഫ്ലക്ഷനോടെ ഡ്യൂക്കിന്‍റെ തലപ്പാകത്തിന് എത്തിയപ്പോള്‍ ടൂണീഷ്യന്‍ ഗോളി നിസഹായനായിരുന്നു. ലോകകപ്പില്‍ ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയന്‍ താരമാണ് ഡ്യൂക്ക്. മുമ്പ് രണ്ട് വട്ടം ടിം കാഹിലാണ് ലോകകപ്പില്‍ ഓസ്ട്രേലിയക്ക് വേണ്ടി ഹെഡ്ഡര്‍ ഗോള്‍ നേടിയിട്ടുള്ളത്.
ഗോള്‍ വഴങ്ങിയതോടെ ഉണര്‍ന്ന് കളിച്ച ടൂണീഷ്യ നിരന്തരം ഓസ്ട്രേലിയന്‍ ഗോള്‍ മുഖത്തേക്ക് പന്തുമായെത്തി. ആക്രമണം അഴിച്ചു വിട്ടെങ്കിലും അവസരങ്ങളെല്ലാം ടുണീഷ്യന്‍ താരങ്ങള്‍ പാഴാക്കുന്നത് ഗാലറിയില്‍ ആരാധകര്‍ ഞെട്ടലോടെ മാത്രമാണ് കണ്ടു നിന്നത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങള്‍ ടൂണിഷ്യന്‍ മുന്നേറ്റങ്ങള്‍ കടുത്തെങ്കിലും ലീഡ് കൈവിടാതെ ഓസ്ട്രേലിയ പിടിച്ച് നിന്നു. ടൂണിഷ്യന്‍ താരം സാക്കിനിയാണ് രണ്ടാം പകുതിയില്‍ ഓസ്ട്രേലിയക്ക് നിരന്തരം തലവേദന സൃഷ്ടിച്ചത്.
പക്ഷേ, ഓസ്ട്രേലിയന്‍ ഗോള്‍ കീപ്പര്‍ റയാനെ കടന്ന് വല കുലുക്കാന്‍ മാത്രം സാധിച്ചില്ല. അവസാന നിമിഷങ്ങളില്‍ രണ്ടും കല്‍പ്പിച്ച് ടൂണീഷ്യന്‍ താരങ്ങള്‍ ഓസ്ട്രേലിയന്‍ ബോക്സിലേക്ക് പാഞ്ഞെത്തി. ഫിനിഷിംഗിലെ പിഴവാണ് അവര്‍ക്ക് വിനയായത്. മികച്ച പാസുകളിലൂടെയും റണ്ണുകളിലൂടെയും ബോക്സിലേക്ക് എത്തുമെങ്കിലും മിക്ക ഷോട്ടുകളും ഓസ്ട്രേലിയയുടെ ഗോള്‍ കീപ്പര്‍ റയാന്‍റെ കൈകളിലേക്കാണ് അടിച്ച് കൊടുത്തിരുന്നത്.
ഓസ്ട്രേലിയന്‍ ഡിഫന്‍ഡര്‍ സൗട്ടറും ടൂണീഷ്യന്‍ ആക്രമണങ്ങള്‍ക്ക് പലപ്പോഴും വിലങ്ങുതടിയായി. ആറ് മിനിറ്റ് ഇഞ്ചുറി സമയം ലഭിച്ചപ്പോഴും പ്രതീക്ഷകള്‍ കൈവിടാതെ ആഫ്രിക്കന്‍ സംഘം ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഓസ്ട്രേലിയ എങ്ങനെയൊക്കെയോ അവസാന വിസില്‍ വരെ പിടിച്ചു നിന്നു.