18 April 2024 Thursday

ശബരിമലയില്‍ ഭക്തജനപ്രവാഹം, 9 ദിവസത്തില്‍ നാല് ലക്ഷത്തിലധികം പേരെത്തി, പ്രതിദിനം അരലക്ഷത്തിലധികം തീര്‍ത്ഥാടകര്‍

ckmnews

ശബരിമല : മണ്ഡലമകരവിളക്ക് മഹോത്സവം ആരംഭിച്ച് ഒന്‍പത് ദിവസം പിന്നിടുമ്പോള്‍ ശബരിമലയില്‍ അയ്യപ്പഭക്തരുടെ തിരക്കേറുന്നു. വെള്ളിയാഴ്ച രാവിലെ 9 മണി വരെയുള്ള കണക്കനുസരിച്ച് നാല് ലക്ഷത്തിലധികം അയ്യപ്പഭക്തരാണ് ദര്‍ശനം നടത്തിയത്. പ്രതിദിനം അരക്ഷത്തോളം പേരാണ് ശരാശരി ദര്‍ശനം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഈ ദിവസങ്ങളില്‍ ശരാശരി പതിനായിരം പേരാണ് ദര്‍ശനം നടത്തിയിരുന്നത്. വരും ദിവസങ്ങളില്‍ തിരക്ക് കൂടുമെന്നാണ് വെര്‍ച്വല്‍ ക്യൂ ബുക്കിംഗിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.


നവംബര്‍ 30 വരെ വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി ആകെ 8,79,905 (എട്ട് ലക്ഷത്തി എഴുപത്തൊന്‍പതിനായിരത്തി തൊള്ളായിരത്തി അഞ്ച്) പേരാണ് ബുക്കിംഗ് നടത്തിയിരിക്കുന്നത്. നവംബര്‍ 26, 28 തിയതികളിലാണ് ഏറ്റവുമധികം പേര്‍ ബുക്ക് ചെയ്തിരിക്കുന്നത്. 26 ശനിയാഴ്ച 83,769 (എണ്‍പത്തി മൂവായിരത്തി എഴുനൂറ്റി അറുപത്തിയൊന്‍പത്), 28 തിങ്കള്‍ 81,622 (എണ്‍പത്തിയോരായിരത്തി ആറുനൂറ്റി ഇരുപത്തിരണ്ട്) എന്നിങ്ങനെയാണ് ബുക്കിംഗ്. നവംബര്‍ 30 വരെയുള്ള ബുക്കിംഗുകളില്‍ ഏറ്റവും കൂടുതല്‍ ഈ ദിവസങ്ങളിലാണ്. നവംബര്‍ 21 നാണ് ഇതുവരെ ഏറ്റവുമധികം പേര്‍ ദര്‍ശനം നടത്തിയത്-57,663 (അന്‍പത്തിയേഴായിരത്തി അറുനൂറ്റി അറുപത്തി മൂന്ന്). നിലവില്‍ പരമാവധി 1,20,000 ബുക്കിംഗാണ് ഒരു ദിവസം സ്വീകരിക്കുക.