29 March 2024 Friday

ശബരിമലയിൽ പകർച്ചവ്യാധി പ്രതിരോധത്തിന് നടപടി ശക്തമാക്കി ആരോഗ്യവകുപ്പ്

ckmnews

ശബരിമലയിൽ പകർച്ചവ്യാധി പ്രതിരോധത്തിന് നടപടി ശക്തമാക്കി ആരോഗ്യവകുപ്പ്. കൊറോണ ലക്ഷണമുള്ളവരെ പമ്പയിൽ തന്നെ പരിശോധിക്കും. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരോട് മാസ്‌ക് ധരിക്കാനും നിർദ്ദേശം.


മണ്ഡല തീർത്ഥാടന കാലത്ത് പകർച്ചവ്യാധികൾ ഒഴിവാക്കാനും ഭക്തർക്കും ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും തൊഴിലാളികൾക്കും ആരോഗ്യ സംരക്ഷണത്തിനുമായി വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിയിരിക്കുന്നത്. അലോപ്പതി, ഹോമിയോപ്പതി, ആയുർവേദ വിഭാഗങ്ങളിലെ ആശുപത്രികളിൽ പകർച്ചവ്യാധികൾക്കും വിവിധങ്ങളായ രോഗങ്ങൾക്കുള്ള ചികിത്സയ്ക്ക് വേണ്ട വിപുലമായ സജ്ജീകരണങ്ങൾ തയ്യാറായി കഴിഞ്ഞു.


കൊറോണ ലക്ഷണമുള്ളവരെ പമ്പയിൽ തന്നെ ആന്റിജൻ ടെസ്റ്റ് ചെയ്യും. രോഗം കണ്ടെത്തുന്നവരിൽ തീവ്രമായ ലക്ഷണമുള്ളവരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും മറ്റുള്ളവരെ ക്വാറന്റൈനിൽ വിടുകയും ചെയ്യും. ഡ്യൂട്ടിയിലുള്ള പോലീസുകാരോട് മാസ്‌ക് ധരിക്കാനും നിർദ്ദേശം നൽകി.ചിക്കൻ പോക്സ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയാൻ വകുപ്പുകൾ വിവിധ രോഗ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നു. ആരോഗ്യ വകുപ്പിന്റെ സന്നിധാനത്തുള്ള സർക്കാർ ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ സന്നിധാനത്തെ ഓഫീസ് മുറികളിലും താമസ സ്ഥലങ്ങളിലും അണുനശീകരണം ചെയ്യുന്നുണ്ട്. കൊതുക് നിർമ്മാർജ്ജനത്തിന് വെള്ളം കെട്ടി കിടക്കാതിരിക്കാൻ പ്രവർത്തനങ്ങൾ ചെയ്യുന്നതിനൊപ്പം വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ മെഷീൻ ഫോഗിങ്ങ് ചെയ്യുന്നു. ഭക്ഷ്യ ശാലകളിലെ ശുചിത്വം ഉറപ്പാക്കാൻ സ്‌ക്വാഡുകൾ സ്ഥിരമായി പരിശോധന നടത്തുന്നു. ഹോമിയോ വകുപ്പ് പ്രതിരോധ ശേഷി വർധിപ്പിക്കുന്ന മരുന്നുകൾ സന്നിധാനത്ത് ഭക്തർക്കും ജീവനക്കാർക്കും വിതരണം ചെയ്തു വരുന്നു. ചിക്കൻ പോക്സ് പ്രതിരോധത്തിന് 1700 പ്രതിരോധ ഗുളിക ഹോമിയോ വകുപ്പ് ശബരിമലയിൽ വിതരണം ചെയ്തിട്ടുണ്ട്.