29 March 2024 Friday

മത സൗഹാർദ്ദത്തിന്റെ നേർകാഴ്ചയായി ചാലിശേരി പള്ളി പെരുന്നാൾ

ckmnews

മത സൗഹാർദ്ദത്തിന്റെ നേർകാഴ്ചയായി ചാലിശേരി പള്ളി പെരുന്നാൾ


 ചങ്ങരംകുളം: ചാലിശ്ശേരി  സെന്റ് പീറ്റേഴ്സ് ആന്റ്  സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ 157 മത് ശിലാസ്ഥാപന പെരുന്നാൾ  ഗ്രാമത്തിന് മതസൗഹാർദ്ദത്തിന്റെ നേർ കാഴ്ചയായി.പെരുന്നാൾ തലേന്ന് ബുധനാഴ്ച  വൈകീട്ട് സന്ധ്യ നമസ്ക്കാരത്തിന് വന്ദ്യ ജെക്കബ് കോർ എപ്പിസ്കോപ്പ മുഖ്യ കാർമ്മിത്വം വഹിച്ചു.വികാരി ഫാ.റെജികൂഴിക്കാട്ടിൽ  വൈദീകരായ ഫാ.ബിജുമൂങ്ങാംകുന്നേൽ , ഫാ. ജയേഷ് ജെക്കബ് , ഫാ.സിജു മാത്യൂ , ഫാ. ജിബിൻ ചാക്കോ എന്നിവർ സഹകാർമ്മികരായി.തുടർന്ന് അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണത്തിൽ പൊൻ - വെള്ളിക്കുരിശുകൾ  , മുത്തുകുടകൾ, കത്തിച്ച മെഴുകുതിരികളുമായി നിരവധി പേർ പ്രദക്ഷിണത്തിൽ പങ്കെടുത്തു. അലങ്കരിച്ച  രഥം പ്രദക്ഷിണത്തിന് മാറ്റേകി. അംശവസ്ത്രം അണിഞ്ഞ വൈദീകർ വിശ്വാസികളെ ആശീർവദിച്ചു. പള്ളിക്ക് കീഴിലുള്ള കുരിശ് തൊട്ടികളിൽ പ്രാർത്ഥന നടത്തി പള്ളിയിലെത്തിയപ്പോൾ  ആശീർവാദവും ഉണ്ടായി. 


രാത്രി ഗജവീരന്മാരുടെ അകമ്പടിയോടെ വാദ്യമേളങ്ങളോട് കൂടിയ  പത്തോളം പ്രാദേശീക ദേശ പെരുന്നാളുകൾ   പള്ളിയിൽ നിന്നാരംഭിച്ചു.ദേശങ്ങളിൽ പോയി പുലർച്ച പള്ളിയിലെത്തി.വ്യാഴാഴ്ച്ച രാവിലെ സുറിയാനി ചാപ്പലിൽ 8.30 ന് ഫാ.ബിജുമുങ്ങാംകുന്നേൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു പെരുന്നാൾ സന്ദേശം നൽകി.ഉച്ചക്ക് ഒന്നിന്  പകൽ പെരുന്നാൾ ആരംഭിച്ച് ദേശങ്ങളിൽ പോയി പെരുന്നാൾ വിളംബരം നടത്തി വൈകീട്ട് പള്ളിയിലെത്തി സമാപിച്ചു.പത്തോളം ദേശ കമ്മിറ്റികളുടെ ആഘോഷങ്ങൾ പെരുന്നാൾ പ്രേമികൾക്ക് നയന മനോഹര കാഴ്ചയായി. തുടർന്ന് യെൽദോ മോർ ബസേലിയോസ് ചാപ്പലിലേക്ക് നടത്തിയ പ്രദക്ഷിണത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. ആശീർവാദത്തിനു ശേഷം നടന്ന പായസത്തോട് കൂടി നടന്ന പൊതുസദ്യയിൽ വിവിധ മതസ്ഥർ പങ്കെടുത്തു.ആഘോഷങ്ങൾക്ക് വികാരി ഫാ.റെജികുഴിക്കാട്ടിൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകി.