25 April 2024 Thursday

തുടക്കം അശ്ലീല സന്ദേശങ്ങളിൽ, വീട്ടിൽ സംഭവിക്കാൻ പോകുന്നത് നേരത്തെ വാട്സാപ്പിലെത്തും; അന്വേഷണം

ckmnews

കൊട്ടാരക്കര: നെല്ലിക്കുന്നം കാക്കത്താനത്ത് രാജവിലാസത്തിലെ ദുരൂഹതനിറഞ്ഞ സംഭവങ്ങളുടെ യാഥാർഥ്യം കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. സൈബർസെൽ, വൈദ്യുതി ബോർഡ്, ഇലക്ട്രോണിക്സ് വിദഗ്ധർ എന്നിവരുടെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണമാണ് നടത്തുന്നത്.


രാജനും കുടുംബവും താമസിക്കുന്ന ഈ വീട്ടിൽ വാട്സാപ്പ് സന്ദേശമെത്തിയശേഷം വൈദ്യുത ഉപകരണങ്ങളും സ്വിച്ച് ബോർഡുകളും പൊട്ടിത്തെറിക്കുകയും തകരാറിലാകുകയുമാണ്. ഓരോന്നും സംഭവിക്കുന്നതിനു തൊട്ടുമുമ്പ് അപകടത്തെ സൂചിപ്പിച്ച് വാട്സാപ്പിൽ ശബ്ദസന്ദേശമെത്തിയിരുന്നു. രാജന്റെ ഭാര്യ വിലാസിനിയുടെയും മകൾ സജിതയുടെയും ഫോണുകളിലേക്കാണ് സന്ദേശം എത്തിയിരുന്നത്. വീട്ടിൽ ആരെല്ലാം ഉണ്ടെന്നും ആരെല്ലാം വന്നുപോകുന്നെന്നും സംഭാഷണ വിഷയങ്ങളുമെല്ലാം സന്ദേശമായി എത്തി. വീട്ടിലെ 11 സ്വിച്ച് ബോർഡുകളും മൂന്നുതവണ പൊട്ടിത്തെറിച്ചു. മൂന്ന് ടെലിവിഷൻ, രണ്ട് പമ്പിങ് മോട്ടോറുകൾ, ഒരു മിക്സി എന്നിവ നശിച്ചു. ഫ്രിഡ്ജ് മൂന്നുതവണ തകരാറിലായി. 'ചാത്തൻ സേവ'യെന്നും വയറിങ് തകരാറെന്നുമൊക്കെ സംശയിച്ചെങ്കിലും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥർ വിശദപരിശോധന നടത്തിയിട്ടും തകരാർ കണ്ടെത്തിയില്ല. നാട്ടിലെ അറിയപ്പെടുന്ന ഇലക്ട്രീഷ്യനാണ് രാജൻ. പോലീസിലും സൈബർ സെല്ലിലും പലതവണ പരാതിപ്പെട്ടെങ്കിലും കുടുംബവഴക്കാണെന്നുകാട്ടി ആദ്യം കാര്യമായ അന്വേഷണം നടത്തിയില്ല.


ഭർത്താവുമായി പിണങ്ങിക്കഴിയുന്ന മകൾ സജിതയുടെ ഫോണിലാണ് ആദ്യം പ്രശ്നങ്ങൾ തുടങ്ങിയത്. വീട്ടുവളപ്പിലേക്കു കടന്നാലുടൻ ഇവരുടെ മൊബൈൽ ഫോൺ തനിയെ ഓഫ് ആകുകയും പിന്നീട് ഓൺ ആകുകയും ചെയ്യും. മറ്റാരോ നിയന്ത്രിക്കുന്നതുപോലെയാണ് ഈ ഫോണുകളുടെ പ്രവർത്തനം. ഫോണിലുള്ള നമ്പരുകളിലേക്കെല്ലാം അശ്ലീല സന്ദേശങ്ങൾ ചെല്ലുന്നതായിരുന്നു തുടക്കം. ഫോൺ തകരാറാണെന്നുകരുതി സജിത ഇതിനകം മൂന്നു ഫോണുകൾ മാറി.


വീട്ടിൽ നടത്തിയ പരിശോധനയിൽ ചില ചിപ്പുകളും ഇലക്ട്രോണിക്സ് സർക്യൂട്ടുകളും കണ്ടെത്തിയെങ്കിലും ഇതൊന്നും ഉപയോഗിച്ച് വൈദ്യുതോപകരണങ്ങൾ നിയന്ത്രിക്കാൻ കഴിയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ സത്യം കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു. യാഥാർഥ്യവും കെട്ടുകഥയും കൂടിച്ചേർന്ന് പ്രചരിച്ചിരിക്കുകയാണെന്നും ശാസ്ത്രീയമായ അന്വേഷണം നടക്കുകയാണെന്നും കൊട്ടാരക്കര പോലീസ് ഇൻസ്പെക്ടർ വി.എസ്.പ്രശാന്ത് പറഞ്ഞു.