19 April 2024 Friday

പെനൽറ്റി പാഴാക്കി, അവസരങ്ങൾ തുലച്ച് കാനഡ; ബൽജിയത്തിന് ഒരു ഗോൾ വിജയം

ckmnews

ദോഹ∙ ഫിഫ ലോകകപ്പിൽ ഏകപക്ഷീയമായ ഒരു ഗോളിന് കാന‍ഡയെ കീഴടക്കി ബൽജിയം. 43–ാം മിനിറ്റിൽ മിച്ചി ബത്ഷ്വായാണ് ബൽജിയത്തിനായി ഗോൾ നേടിയത്. രണ്ടു ടീമുകൾക്കും അവസരങ്ങൾ ഏറെ ലഭിച്ച കളിയിൽ വല കുലുങ്ങിയത് ഒരുവട്ടം മാത്രം. തുടക്കം മുതൽ ഇരു ടീമുകളും മത്സരിച്ച് കളിച്ച ആദ്യ പകുതിയുടെ അവസാന മിനിറ്റിലായിരുന്നു ബൽജിയത്തിന്റെ ഗോൾ. ടോബി അൽഡർവെയ്ൽഡ് നൽകിയ പാസില്‍ തടുക്കാനെത്തിയ കാന‍ഡ പ്രതിരോധ താരങ്ങളെ മറികടന്നായിരുന്നു ബൽജിയം താരം ലക്ഷ്യം കണ്ടത്.

മത്സരത്തിന്റെ 10–ാം മിനിറ്റില്‍ ലീഡെടുക്കാൻ ലഭിച്ച സുവർണാവസരം സ്ട്രൈക്കർ അൽഫോൻസോ ഡേവിസ് പാഴാക്കി കളഞ്ഞത് കാനഡയ്ക്കു തിരിച്ചടിയായി. ബോക്സിനകത്തുനിന്ന് ബൽജിയത്തിന്റെ കരാസ്കോ ഹാൻഡ് ബോൾ വഴങ്ങിയതിനെ തുടർന്ന് കാന‍ഡയ്ക്കു പെനാൽറ്റി ലഭിച്ചു. കരാസ്കോയ്ക്കു നേരെ റഫറി യെല്ലോ കാർഡും ഉയർത്തി.


അല്‍ഫോൻസോ ഡേവിസ് പോസ്റ്റിന്റെ വലതു ഭാഗത്തേക്കെടുത്ത ഷോട്ട് ബൽജിയം ഗോളി ടിബോ കോർത്വ തട്ടിയകറ്റി. എട്ടാം മിനിറ്റിൽ കനേഡിയൻ യുവതാരം ടജോൻ ബുചാനന്റെ ഗോൾ ശ്രമവും പാഴായി. ആദ്യ മിനിറ്റുകളിലെ കനേ‍ഡിയൻ ആക്രമണം പ്രതിരോധിച്ച് വൈകാതെ ബൽജിയവും മത്സരത്തിലേക്കു തിരിച്ചെത്തി. ക്യാപ്റ്റൻ ഏദൻ ‍ഹസാഡിന്റെയും കെവിൻ ‍ഡിബ്രുയ്നെയുടേയും മുന്നേറ്റങ്ങൾ ആദ്യ 15 മിനിറ്റിനു ശേഷം ബൽജിയത്തിനും അവസരങ്ങൾ നൽകി.

1986ന് ശേഷം ആദ്യമായി ലോകകപ്പ് കളിക്കുന്ന ഒരു ടീമിന്റെ സമ്മർദമൊന്നും കാനഡയ്ക്കുണ്ടായിരുന്നില്ല. കളി ബൽജിയം നിയന്ത്രണത്തിലാക്കുമ്പോഴെല്ലാം പന്തു പിടിച്ചെടുത്ത് ബൽജിയത്തിന്റെ ബോക്സിലേക്കു തുടർച്ചയായി ഇരച്ചെത്തിക്കൊണ്ടിരുന്നു കനേഡിയൻ താരങ്ങൾ. പക്ഷേ ഗോൾ നേടാൻ മാത്രം മറന്നു. 


22 ഷോട്ടുകളാണ് കാന‍ഡ ബൽജിയം ഗോൾ മുഖത്ത് തൊടുത്തുവിട്ടത്. പക്ഷേ ഓൺ ടാര്‍ഗറ്റ് മൂന്നെണ്ണം മാത്രം. 38–ാം മിനിറ്റിൽ ബൽജിയത്തിന്റെ വിറ്റ്സലുമായി കൂട്ടിയിടിച്ച് ബോക്സിനുള്ളിൽ വീണ കാനഡ താരം ലാരിയ പെനൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല.

രണ്ടാം പകുതിയിലും കാനഡ നിരവധി അവസരങ്ങളാണ് ബൽജിയം ബോക്സിൽ സൃഷ്ടിച്ചെടുത്തത്. പക്ഷേ ഒന്നു പോലും ലക്ഷ്യത്തിലെത്തിക്കാൻ അവർക്കായില്ല. കനേഡിയൻ താരം സ്റ്റീഫൻ യൂസ്റ്റാക്യോ രണ്ടാം പകുതിയുടെ തുടക്കത്തിൽ നടത്തിയ ശ്രമങ്ങളെല്ലാം പാഴായി. 80–ാം മിനിറ്റിൽ അൽഫോൻസോ ഡേവിസിന്റെ ഹെഡർ ബൽജിയൻ ഗോൾ കീപ്പർ സേവ് ചെയ്തു. കാന‍ഡയുടെ മുന്നേറ്റങ്ങളെല്ലാം ബൽജിയൻ പ്രതിരോധം കോട്ടകെട്ടി തടഞ്ഞതോടെ മത്സരം 1–0 എന്ന സ്കോറിൽ അവസാനിച്ചു. ജയത്തോടെ ഗ്രൂപ്പ് എഫിൽ മൂന്ന് പോയിന്റുമായി ബൽജിയം ഒന്നാമതെത്തി.