25 April 2024 Thursday

അധ്യാപികയുടെ ആത്മഹത്യ; ഡയറിയില്‍ സഹാധ്യാപകന്റെ പേര്, പ്രേരണാക്കുറ്റത്തിന് അറസ്റ്റില്‍

ckmnews

അധ്യാപികയുടെ ആത്മഹത്യ; ഡയറിയില്‍ സഹാധ്യാപകന്റെ പേര്, പ്രേരണാക്കുറ്റത്തിന് അറസ്റ്റില്‍


വേങ്ങര: വേങ്ങര ടൗൺ മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ അധ്യാപിക എടക്കാപറമ്പ് ശ്രീരാഗം വീട്ടിൽ ടി. ബൈജു ആത്മഹത്യചെയ്ത സംഭവത്തിൽ ഇതേ വിദ്യാലയത്തിലെ അധ്യാപകനെ വേങ്ങര പോലീസ് അറസ്റ്റുചെയ്തു. വിദ്യാലയത്തിലെ കായികാധ്യാപകൻ കോഴിക്കോട് പയ്യോളി മഠത്തിൽ വീട്ടിൽ രാംദാസിനെയാണ് ആത്മഹത്യാ പ്രേരണാക്കുറ്റംചുമത്തി അറസ്റ്റുചെയ്തത്. ഇരുവരും വിദ്യാലയത്തിലെ സ്റ്റുഡന്റ് പോലീസ് കാഡറ്റിന്റെ ചുമതലയുള്ള അധ്യാപകരായിരുന്നു.



സെപ്റ്റംബർ 17-നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് ബൈജുവിനെ കണ്ടെത്തിയത്. ഭർത്താവ് ഉണ്ണികൃഷ്ണൻ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. നാട്ടുകാർ ഉടനെ കുന്നുംപുറം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



മരണപ്പെട്ട അധ്യാപികയുടെ ഡയറിലടക്കം രാമദാസിന്റെ പേര് പരാമർശിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സാക്ഷിമൊഴികളുടേയും ഡയറിയിലെ പരാമർശത്തിൻറെയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇതിന് പുറമെ മൊബൈലിൽനിന്നുള്ള വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്ന് വേങ്ങര എസ്.എച്ച്.ഒ. എം മുഹമ്മദ് ഹനീഫ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.