20 April 2024 Saturday

കട ബാധ്യത മൂലം കൃഷി നടത്താനാകുന്നില്ല; പാലക്കാട് കർഷകൻ ആത്മഹത്യ ചെയ്തു

ckmnews

പാലക്കാട് : പാലക്കാട് പെരുവെമ്പിൽ കട ബാധ്യത മൂലം കൃഷി നടത്താനാകാത്തതിൽ മനംനൊന്ത് കർഷകൻ ആത്മഹത്യ ചെയ്തു. 

കറുകമണി സ്വദേശി മുരളീധരനാണ് മരിച്ചത് . ഇന്ന് രാവിലെ എട്ട് മുപ്പതോടെയാണ് മുരളീധരനെ കളപ്പുരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പാട്ടത്തിനെടുത്ത ഒൻപതേക്കർ ഭൂമിയിൽ വർഷങ്ങളായി മുരളീധരൻ നെൽകൃഷി ചെയ്തിരുന്നു.കട ബാധ്യത മൂലം പാടത്ത് കള പറിക്കാനോ വളമിടാനോ കഴിഞ്ഞിരുന്നില്ല. അതോടെ വിളവും മോശമായി.കൊയ്ത്തിന് ആളെ കിട്ടാത്തതിൽ വലിയ മനോവിഷമത്തിലായിരുന്നു മുരളീധരൻ എന്നാണ് ബന്ധുക്കൾ പറയുന്നത്.


കുടുംബ വിഹിതമായി ലഭിച്ച വീടും സ്ഥലവുമെല്ലാം നേരത്തെ കൃഷി ആവശ്യങ്ങൾക്കായി മുരളീധരൻ വിറ്റിരുന്നു.കഴിഞ്ഞ മൂന്ന് വർഷമായി ഒൻപതേക്കറോളം സ്ഥലം പാട്ടത്തിനെ ടുത്തായിരുന്നു കൃഷി നടത്തിയിരുന്നത്. നിലവിൽ 8 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടെന്നാണ് ആത്മമഹത്യാക്കുറിപ്പിലും വ്യക്തമാക്കുന്നത്.കർഷകപ്രതിസന്ധികൾ വർദ്ദിക്കുന്നതിൽ സർക്കാരിന് വലിയ പങ്കുണ്ടെന്നും മുരളീധരന്റെ ആത്മഹത്യക്ക് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നും ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ ആരോപിച്ചു.