23 April 2024 Tuesday

ഹാഷിഷ് ഓയിലും കഞ്ചാവുമായി കൂറ്റനാട് സ്വദേശി ഉള്‍പ്പടെ മൂന്ന് പേര്‍ പിടിയില്‍

ckmnews


ചാവക്കാട് :ഹാഷിഷ് ഓയിലും കഞ്ചാവുമായി മൂന്നു പേർ ചാവക്കാട് പോലീസിന്റെ പിടിയിലായി.ചാവക്കാട് കടപ്പുറം തൊട്ടാപ്പ് പുതുവീട്ടിൽ  ജംഷീർ (33) പാലക്കാട് കൂറ്റനാട് 

അറക്കലകത്തു വീട്ടില്‍  ഫൈസൽ (40) , വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി  മുഹമ്മദ് മുസാകിർ (30) എന്നിവരാണ് ചാവക്കാട് പോലീസിന്റെ പിടിയിലായത്.250 ഗ്രാം ഹാഷിഷ് ഓയിലുമായി ജംഷീറാണ് ആദ്യം പിടിയിലായത്.തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തെ തുടർന്ന് പാലുവായിൽ നടത്തിയ പരിശോധനയിൽ രണ്ടു കിലോ കഞ്ചാവുമായി ഫൈസൽ, മുഹമ്മദ് മുസാക്കിർ എന്നിവരും പിടിയിലായി.തൃശൂർ സിറ്റി പോലീസ് കമ്മിഷണർ  അങ്കിത്ത് അശോകന്റെ നിർദ്ദേശാനുസരണം നടത്തുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഗുരുവായൂർ എ.സി.പി കെ.ജി സുരേഷിന്റെ നേതൃത്വത്തിൽ ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ വിപിൻ കെ വേണു ഗോപാലും സംഘവും നടത്തിയ പരിശോധനയിലാണ് മൂന്നുപേരും കുടുങ്ങിയത്.ജംഷീർ, ഫൈസൽ എന്നിവർ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളാണെന്നും കോളേജ് വിദ്യാർത്ഥികളെയും ഇതര സംസ്ഥാന തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് ഇവർ മയക്കുമരുന്ന വില്പന നടത്തിയിരുന്നതെന്നും പോലീസ് പറഞ്ഞു.പ്രതികളെ ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.