20 April 2024 Saturday

അനധികൃത വ്യാപാരങ്ങൾക്ക് അനുമതി നൽകരുത്:വ്യാപാരി വ്യവസായി ഏകോപന സമിതി

ckmnews



ചങ്ങരംകുളം:സർക്കാറിന്റെ എല്ലാ നിയമങ്ങളും അനുസരിച്ചും അഞ്ചോളം ലൈസൻസുകൾ പ്രതിവർഷം പുതുക്കിയും നടത്തിവരുന്ന വ്യാപാര സ്ഥാപനങ്ങളെ വെല്ലുവിളിച്ച് യാതൊരു മാനദണ്ഡ ങ്ങളും പാലിക്കാതെ പൊതുസ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന അനധികൃത സ്ഥാപനങ്ങൾ എടുത്തുമാറ്റാൻ അധികൃതകർ തയ്യാറാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.വൃത്തിഹീനമായ രീതിയിൽ പാതയോരങ്ങളിൽ വഴിയാത്രികർക്കും വാഹനങ്ങൾക്കും ശല്ല്യമാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ അനുമതി നൽകരുത്.പൊതു സ്ഥലങ്ങളിൽ സ്ഥലങ്ങളിൽ മാലിന്യങ്ങൾ തള്ളിയും പൊതു ജനത്തിന് പ്രയാസമുണ്ടാക്കിയും അനധികൃതമായി വ്യാപാരം ചെയ്യുന്ന വഴിയോര വ്യാപാരികളെ അംഗീകൃത വ്യാപാരികളക്കാനുള്ള നീക്കത്തിൽ നിന്നും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പിറകോട്ടു പോകണമെന്നും ബന്ധപ്പെട്ടവരോട് വ്യാപാരി നേതാക്കൾ ആവശ്യപ്പെട്ടു.ജീവിക്കാൻ വേണ്ടി അധ്വാനിക്കുന്ന വഴിയോര കച്ചവക്കാരെ ,കോടതിയും , നിയമവും പറയുന്ന മാനദണ്ഡമനുസരിച്ച് പുനരധിവസിപ്പിക്കാനാണ് ബന്ധപ്പെട്ടവർ ശ്രദ്ധിക്കേണ്ടതെന്നും അത്തരം പദ്ധതികൾക്ക് വ്യാപാരികൾ തന്നെ പിന്തുണ നൽകുമെന്നും നേതാക്കൾ പറഞ്ഞു.മാനദണ്ഡങ്ങൾ പാലിക്കാതെ ഇത്തരത്തിൽ അനധികൃത കച്ചവടങ്ങൾക്ക് അനുമതിനൽകുന്ന പക്ഷം ചങ്ങരംകുളത്തെ മുഴുവൻ വ്യാപാരികളും അവരവരുടെ സ്ഥാപനങ്ങളിലെ സാധനങ്ങൾ റോഡ്സൈഡിലേക്കിറക്കി വ്യാപാരം നടത്തുമെന്നും വ്യാപാരികൾ മുന്നറിയിപ്പ് നൽകി.എല്ലാ നിയമങ്ങളും കാറ്റിൽ പറത്തിയാണ് ചങ്ങരംകുളം ടൗണിലെ പ്രധാന പാതയോരങ്ങളിൽ അനധികൃത വ്യാപാരങ്ങൾ നടക്കുന്നത്. ചങ്ങരംകുളം ടൗൺ രാത്രി 7 മണിക്കു ശേഷം മത്സ്യ മാർക്കറ്റായി മാറുകയാണ്.ജീവിക്കാൻ വേണ്ടി വലിയ വാടകയും സർക്കാർ നിർദ്ദേശിക്കുന്ന നികുതികളും നൽകി കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാതെ ആധികൃതർ മുന്നോട്ടു പോയാൽ ശക്തമായി പ്രതിരോധിക്കുമെന്നും  വ്യാപാരികൾ വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.യൂണിറ്റ് ഭാരവാഹികളായ പി.പി. ഖാലിദ്, ഒ. മൊയ്തുണ്ണി, ഉമർ കുളങ്ങര, ഉസ്മാൻ പന്താവൂർ, വി.കെ എം .നൗഷാദ്, സലിം കാഞ്ഞിയൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു