വിദ്യാർഥിനിക്ക് പീഡനം: സംഭവം മറച്ചുവെച്ച പ്രിൻസിപ്പൽ അടക്കം മൂന്ന് അധ്യാപകർ കൂടി അറസ്റ്റിൽ

തൃപ്പൂണിത്തുറ: കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന അധ്യാപകൻ അറസ്റ്റിൽ. പട്ടിമറ്റം മന്ത്രക്കൽ നടുക്കാലായിൽ കിരൺ കരുണാകര (40) നെയാണ് തൃപ്പൂണിത്തുറ പോലീസ് ഇൻസ്പെക്ടർ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിച്ചതിന് പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് അധ്യാപകരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിൻസിപ്പൽ തിരുവനന്തപുരം ഗിരിധനം വീട്ടിൽ ശിവകല (53), അധ്യാപകരായ കോട്ടയം ബ്രഹ്മമംഗലം നെടുംപള്ളിൽ വീട്ടിൽ ഷൈലജ (55), പനങ്ങാട് വെളിപറമ്പിൽ വീട്ടിൽ ജോസഫ് (53) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
എറണാകുളം ജില്ലയിൽ ബസ് പണിമുടക്കായിരുന്ന ഇക്കഴിഞ്ഞ 16-ാം തീയതയാണ് സംഭവം. വിദ്യാർഥിനിയെ വീട്ടിൽനിന്ന് അധ്യാപകൻ ബൈക്കിൽ കലോത്സവ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും രാത്രി എട്ടുമണിയോടെ കലോത്സവം കഴിഞ്ഞ് ബൈക്കിൽ മടങ്ങിയപ്പോഴാണ് കുട്ടിയെ അധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചതെന്നും പോലീസ് പറഞ്ഞു. അധ്യാപകന്റെ ചെയ്തികൾ കുട്ടി പിറ്റേന്ന് സ്കൂൾ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ സംഭവം മറച്ചുെവച്ചതാണ് അധ്യാപകൻ ഒളിവിൽ പോകാൻ ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു.
വിദ്യാർഥിനിയെ അധ്യാപകൻ പീഡിപ്പിച്ച വിവരം അറിഞ്ഞ സ്കൂളിലെ വിദ്യാർഥികൾ സമരം നടത്തുകയും അധ്യാപകന്റെ ഇരുചക്രവാഹനവും സ്കൂൾ കെട്ടിടത്തിന്റെ ജനൽച്ചില്ലുമൊക്കെ അടിച്ചു തകർക്കുകയും ചെയ്തിരുന്നു. നാഗർകോവിലിൽ കിരൺ കരുണാകരന്റെ ഒളിസങ്കേതം തമിഴ്നാട് പോലീസ് സ്പെഷ്യൽ സ്ക്വാഡിന്റെ സഹായത്തോടെ കണ്ടെത്തിയാണ് അറസ്റ്റ് ചെയ്തതെന്നും രക്ഷപ്പെടാൻ ഉപയോഗിച്ച കാറും കൂടെയുണ്ടായിരുന്ന രണ്ടു പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇൻസ്പെക്ടർ പറഞ്ഞു.