28 March 2024 Thursday

കമ്മിഷൻ തുക പകുതിയിലേറെ വെട്ടിക്കുറച്ചു; റേഷൻ കട ശനിയാഴ്ച മുതൽ അടച്ചിടും

ckmnews

തിരുവനന്തപുരം∙ പതിനാലായിരത്തിലേറെ റേഷൻ വ്യാപാരികളുടെ ഒക്ടോബർ മാസത്തെ കമ്മിഷൻ തുക പകുതിയിലേറെ വെട്ടിക്കുറച്ചു. മന്ത്രിമാർക്കും ഖാദി ബോർഡ് വൈസ് ചെയർമാനും ലക്ഷങ്ങൾ മുടക്കി പുത്തൻ കാറുകൾ വാങ്ങാൻ ഉത്തരവിറക്കി ദിവസങ്ങൾക്കകമാണു റേഷൻ വ്യാപാരികളുടെ കമ്മിഷൻ തുക വെട്ടിക്കുറച്ചു സിവിൽ സപ്ലൈസ് കമ്മിഷണർ ഉത്തരവിറക്കിയത്.


കമ്മിഷൻ ഇനത്തിൽ 29.51 കോടി രൂപയാണ് ഒക്ടോബറിൽ നൽകാനുള്ളത്. ഇതിൽ 49% കുറച്ച് 14.46 കോടി മാത്രമാണു ധനവകുപ്പ് അനുവദിച്ചതെന്നും അതിനനുസരിച്ചു മാത്രമേ കമ്മിഷൻ നൽകാനാകൂ എന്നും കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു. വ്യാപാരികൾക്കു കമ്മിഷൻ ഈ വ്യവസ്ഥയിൽ നൽകാൻ ജില്ലാ ഓഫിസർമാരെയും ചുമതലപ്പെടുത്തി.

ഒരു സാധാരണ റേഷൻ വ്യാപാരിക്കു 18,000 രൂപയാണു പ്രതിമാസ കമ്മിഷൻ. ഇതിൽ നിന്നു വേണം കടവാടക, 5% ആദായ നികുതി, വൈദ്യുതി നിരക്ക്, സെയിൽസ്മാന്റെ വേതനം, ക്ഷേമനിധി ബോർഡ് വിഹിതം, വകുപ്പ് തന്നെ ചുമത്തുന്ന പിഴകൾ എന്നിവ വ്യാപാരി നൽകേണ്ടത്. എല്ലാ മാസവും 5ന് മുൻപ് മുൻ മാസത്തെ കമ്മിഷൻ നൽകാമെന്നാണു സർക്കാർ വാഗ്ദാനമെങ്കിലും ഏതാനും മാസങ്ങളായി മാസത്തിന്റെ പകുതിയിലോ അവസാനത്തിലോ ആണു തുക നൽകുന്നത്. മുഴുവൻ കമ്മിഷനും നൽകണമെന്ന് ആവശ്യപ്പെട്ടു വ്യാപാരി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സംഘടനകൾ സംയുക്ത പ്രക്ഷോഭത്തിലേക്കു നീങ്ങാനാണ് ആലോചിക്കുന്നത്.

കമ്മിഷൻ തുക പകുതിയിലേറെ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ശനിയാഴ്ച മുതൽ അനിശ്ചിതകാലത്തേക്കു റേഷൻ കടകൾ അടച്ചിടാൻ വ്യാപാരി സംഘടനകളുടെ സംയുക്തയോഗം തീരുമാനിച്ചു. ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കെആർയുഎഫ് (സിഐടിയു), കെആർയുഎഫ് (എഐടിയുസി) എന്നീ സംഘടനകളുടെ ഭാരവാഹികളാണു യോഗത്തിൽ പങ്കെടുത്തത്.