25 April 2024 Thursday

പ്രശ്നമുണ്ടെന്ന് വ്യാപക പരാതി; പരാതി പറഞ്ഞവര്‍ക്ക് 'ട്രോള്‍' മറുപടി നല്‍കി ജിയോ സിനിമ

ckmnews

മുംബൈ: ലോകകപ്പ് ഫുട്ബോള്‍ ഓണ്‍ലൈന്‍ സ്ട്രീംഗിന് നടത്തുന്ന ആപ്പാണ് ജിയോ സിനിമ. എന്നാല്‍ കഴിഞ്ഞ ദിവസം ഖത്തര്‍ലോകകപ്പിന്‍റെ ആദ്യ മത്സര ദിവസം ആപ്പിനെതിരെ വ്യാപകമായ പരാതിയാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. അതില്‍ പ്രധാനമായും പലര്‍ക്കും ബഫര്‍ ചെയ്യുന്ന രീതിയിലായിരുന്നു സംപ്രേക്ഷണം നടന്നത് എന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. 


ആപ്പില്‍ ബഫറിംഗ് വന്നതില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പരാതിയാണ് ഉയര്‍ന്നത്. ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ ധനികനായ മുകേഷ് അംബാനിക്ക് തന്‍റെ മോശമായ ജിയോ സിനിമ ആപ്പ് ഉപയോഗിച്ച് സുഗമമായ ലോകകപ്പ് സ്ട്രീമിംഗ് നടത്താൻ കഴിയുന്നില്ല എന്നാണ് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തത്.


വേറെയും വിമര്‍ശനം ഉയര്‍ന്നു. സ്ട്രീമിംഗ് ക്വാളിറ്റിയില്‍ അടക്കം ചിലര്‍ ആരോപണം ഉന്നയിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ചിലപ്പോള്‍ ആപ്പില്‍ കമന്‍ററി മാറ്റിയാല്‍ ചിലപ്പോള്‍ നന്നായി സ്ട്രീം ചെയ്യുന്നുണ്ട് എന്നാണ് ചിലര്‍ രംഗത്ത് എത്തിയത്. അതേ സമയം തങ്ങളുടെ ഭാഗത്ത് പ്രശ്നമുണ്ടെന്ന് വ്യക്തമാക്കി ജിയോ തന്നെ രംഗത്ത് എത്തി.


ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ടിലാണ് ജിയോ സിനിമ മറുപടി നല്‍കിയത്. "നിങ്ങള്‍ നേരിടുന്ന ബഫറിംഗ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഞങ്ങളുടെ ടീം കഠിനാധ്വാനത്തിലാണ്" എന്ന തലക്കെട്ടോടെ ചെളിയില്‍ ചില തൊഴിലാളികള്‍ കഠിനമായി പണിയെടുക്കുന്ന ചിത്രമാണ് ജിയോ സിനിമ പ്രക്ഷേപണം ചെയ്തത്. 


റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോ 18 ആണ് ഫുട്ബോള്‍ ലോകകപ്പിന്‍റെ ഇന്ത്യയിലെ സംപ്രേഷണാവകാശം ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്. വയാകോം 18ന്‍റെ സ്പോര്‍ട്സ് 18 ചാനലിലൂടെയാണ് മത്സരങ്ങള്‍ ടെലിവിഷനില്‍ കാണാനാകുക. മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗ് ജിയോ സിനിമയിലൂടെയും കാണാം.


എന്നാല്‍ ജിയോ സിനിമയിലൂടെ ലൈവ് സ്ട്രീമിംഗ് കാണാന്‍ ജിയോ കണക്ഷനില്ലാത്തവര്‍ പുതുതായി ജിയോ സിം എടുക്കണോ എന്നതായിരുന്നു ആരാധകരുടെ പ്രധാന ആശങ്കകളിലൊന്ന്. എന്നാല്‍ അതിനിപ്പോള്‍ ഉത്തരമായിരിക്കുകയാണ്. ജിയോ സിനിമയില്‍ ലൈവ് സ്ട്രീമിംഗ് കാണാന്‍ ജിയോ സിം ആവശ്യമില്ല. ഏത് നെറ്റ്‌വര്‍ക്ക് കണക്ഷനുള്ളവര്‍ക്കും ജിയോ സിനിമ ഡൗണ്‍ലോഡ് ചെയ്ത് സൗജന്യമായി ജിയോ സിനിമയിലൂടെ ലോകകപ്പ് കാണാനാകും.