24 April 2024 Wednesday

പരിമിതികൾ തളർത്തിയില്ല ഫാസിൽ ഉയിർത്തെഴുന്നേറ്റത് ഫുട്ബോൾ സ്വപ്നങ്ങളുടെ നെറുകയിലേക്ക്

ckmnews

പരിമിതികൾ തളർത്തിയില്ല ഫാസിൽ ഉയിർത്തെഴുന്നേറ്റത് ഫുട്ബോൾ സ്വപ്നങ്ങളുടെ നെറുകയിലേക്ക്


എടപ്പാൾ: ജീവിതത്തിൽ ഒരിക്കലും നടക്കാനാവില്ലെന്നായിരുന്നു ഫാസിൽ ജനിച്ചപ്പോൾ ഡോക്ടർമാരുടെ പ്രവചനം. ഇടതുകാൽ വളഞ്ഞും വലതു കാലിന് പാദമില്ലാതെയുമായിരുന്നു ഈ കുഞ്ഞ് ഭൂമിയിലേക്ക് മുത്തമിട്ടുവീണത്. എന്നാൽ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ആ കുട്ടി നടന്നെന്നുമാത്രമല്ല ഇപ്പോൾ 20 വയസിലെത്തി നിൽക്കുമ്പോൾ കേരളത്തിലെ ഒന്നാം നിര ഫുട്‌ബോൾ ക്ലബ്ബായ എഫ്.സി. അക്കാദമിയുടെ ശാരീരിക വൈകല്യമൊന്നുമില്ലാത്തവരുടെ ടീമിലെ മിഡ്ഫീൽഡറുമാണ്.

എടപ്പാളിനടുത്ത വട്ടംകുളം ചോലക്കുന്ന് കോട്ടവളപ്പിൽ മുഹമ്മദിന്റെയും റംലയുടെയും ഇളയമകനായ ഫാസിലാണ് ഇരുകാലുകളുടെയും വൈകല്യമെല്ലാം മറികടന്ന് ലോകകപ്പ് സ്വപ്‌നവുമായി മൈതാനത്ത് കുതിക്കുന്നത്.ഡോക്ടർമാരുടെ പ്രവചനം വകവെക്കാതെ ചുമട്ടു തൊഴിലാളിയായ മുഹമ്മദ് അധ്വാനിക്കുന്നതിലേറിയ പങ്കും തന്റെ മകന്റെ ചികിത്സക്ക് നീക്കി വെച്ചു.

മൂന്നു ശസ്ത്രക്രികളിലൂടെ വളവുള്ള ഇടംകാൽ ഏറെക്കുറെ ശരിയാക്കി. പാദമില്ലാത്ത വലതു കാലിൽ പ്ലാസ്റ്റിക് സർജറിയിലൂടെ ഫൈബർ പാദം വെച്ചു പിടിപ്പിച്ചു.

കാലായതോടെ ഫാസിലിന് പുതിയ ഊർജം കൈവന്നു. നടക്കാനും ഓടാനും മാത്രമായിരുന്നില്ല ആ ബാലന്റെ മോഹം നല്ലൊരു ഫുട്‌ബോളറാകണം.

കളിച്ചു തുടങ്ങിയപ്പോൾ ഫൈബർ കാൽ ആഴ്ചയിലൊരിക്കലും ബൂട്ട് ആറു മാസത്തിനുള്ളിലും മാറണം. കുറെയൊക്കെ ഫാസിൽ അവ സ്വയം നന്നാക്കി ഉപയോഗിച്ചു. ഒടുവിൽ വിഗോ ക്ലബ്ബിന്റെ കളിക്കാരനായി മാറിയ ഫാസിൽ നാട്ടിലുള്ളവരുടെ അത്ഭുതമായി.ഫൈവ്‌സിലും സെവൻസിലും താരമായ ഈ മിടുക്കൻ പൂക്കരത്തറ ദാറുൽഹിദായ ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ സ്‌കൂൾ ടീമംഗമായി. പൊന്നാനി എം.ഇ.എസ്.കോളേജിൽ പഠിക്കുമ്പോൾ ടീമിലെത്താനിരിക്കെ കോവിഡ് വന്ന് എല്ലാം മോഹങ്ങളും തകർത്തു.എന്നാൽ ഫാസിൽ തളർന്നില്ല.നാട്ടിലെ ടൂർണമെന്റുകളിൽ സജീവമായി.നടുവട്ടത്തെ ഗ്രീൻ ഫീൽഡിൽ അത്തരത്തിലൊരുകളിക്കിടയിലാണ് ഫാസിലിന്റെ ജീവിതത്തിലേക്ക് ദൈവവിളിയെത്തിയത്. എഫ്.സി.കേരള എടപ്പാൾ മാനേജരായ സ്റ്റീഫൻ ചാലിശ്ശേരിയുടെ രൂപത്തിലായിരുന്നു ആ വിളി്. ടൂർണമെന്റിൽ അതിമനോഹരമായി കളിച്ച ഫാസിലിനെ ഇദ്ദേഹം കളി കഴിഞ്ഞ് അരികിൽ വിളിച്ചു. എന്നാൽ സ്വന്തം കാലുകളുടെ പോരായ്മകളെ മറികടന്നാണ് ആ കുട്ടിയുടെ കളിയെന്നറിഞ്ഞതോടെ സ്റ്റീഫൻ എഫ്.സി.യുടെ വാതിലുകൾ ആ പ്രതിഭക്കുമുന്നിൽ തുറന്നിടുകയായിരുന്നു.

തൃശൂരിലും എടപ്പാളിലുമുള്ള പരിശീലനത്തിൽ മിന്നുന്ന പ്രകടനവുമായി മുന്നേറിയ ഫാസിലിന് മെഗാസ്റ്റാർ മമ്മുട്ടി വാർത്തകളിലൂടെ കണ്ടെത്തുന്നവർക്ക് നൽകുന്ന ഫീനിക്‌സ് പുരസ്‌കാരവും ലഭിച്ചു. തേടിയെത്തി. ലോകകപ്പ് ഖത്തറിൽ നടക്കുമ്പോൾ ഇവിടെ ഫാസിലിന്റെ കാലുകളും ത്രസിക്കുകയാണ്. എന്നെങ്കിലുമൊരു ലോകകപ്പ് തന്റെ കാൽക്കീഴിലുമെത്തുമെന്ന പ്രതീക്ഷയോടെ