29 March 2024 Friday

പുലികളി ഓണ്‍ലൈനില്‍

ckmnews



തൃശൂര്‍: ഓണക്കാലത്തെ തൃശൂരിന്റെ സ്വന്തം പുലികള്‍ കൊവിഡ് കാലത്ത് മാറിച്ചിന്തിക്കുകയാണ്. ഓരോരോ പുലി പിന്നീട് സാങ്കേതിക വിദ്യയാല്‍ സംഘമാക്കുന്ന സൂത്രം. സ്വരാജ് റൗണ്ടില്‍ നിന്നും സാമൂഹിക മാദ്ധ്യമങ്ങളിലേയ്ക്ക് അരങ്ങ് മാറുമെന്ന് അര്‍ത്ഥം. അയ്യന്തോള്‍ ദേശമാണ് ഇക്കുറി ഒന്നിച്ചല്ലാതെ ഒന്നാകുന്ന പുലികളിയുമായി എത്തുന്നത്. കൊവിഡ് ഭീതിയില്‍ പുറത്തിറങ്ങാന്‍ സാധിക്കാത്ത ദേശത്തും വിദേശത്തുമുള്ള പുലിക്കളി ആസ്വാദകര്‍ക്ക് ആസ്വദിക്കാന്‍ ഇതവസരം ഒരുക്കും. അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടക സമിതിയുടെ ഫേസ്ബുക്ക് പേജില്‍ നാലോണ നാളിലെ തത്സമയ സംപ്രേഷണം കാണാന്‍ സാധിക്കും.


നാലോണ നാളില്‍ വൈകീട്ട് 3.30 മുതല്‍ 4.30 വരെ ആയിരിക്കും കളി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പുലികള്‍ സ്വന്തം മടകളില്‍ (വീടുകളില്‍) ചുവടു വെക്കുന്നത് സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ഒന്നാക്കി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തത്സമയം സപ്രേഷണം ചെയ്യും. പുലികളും വാദ്യക്കാരുമടക്കം 20 പേരാണ് പങ്കെടുക്കുക. സാങ്കേതിക വിദഗ്ധര്‍ക്ക് പുറമെ കലാസാംസ്‌കാരിക മാദ്ധ്യമ സുഹൃത്തുക്കളും വെര്‍ച്ച്‌വല്‍ കളിത്തട്ടില്‍ ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ഓണ്‍ലൈന്‍ കാലഘട്ടത്തില്‍ പുലിക്കളിപോലുള്ള സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും അത്തരത്തില്‍ തന്നെ പ്രചരിപ്പിക്കപ്പെടണം എന്ന ആലോചനയില്‍ നിന്നാണ് ഈ ആശയം രൂപമെടുത്തതെന്ന് സംഘാടക പ്രസിഡന്റ് രാജേഷ് പട്ടയത്തും സെക്രട്ടറി കണ്ണന്‍ പറമ്ബത്തും പറഞ്ഞു.