20 April 2024 Saturday

ദുരൂഹതകളുടെ ആ ദൃശ്യം ചുരുളഴിയുമ്പോൾ:അദൃശ്യം റിവ്യു

ckmnews



ക്രൈം ത്രില്ലറുകൾ പൂണ്ടുവിളയാടുന്ന മലയാളസിനിമയിൽ കഥയിലും ട്രീറ്റ്‌മെന്റിലും വ്യത്യസ്തത പുലർത്തുന്ന മറ്റൊരു ത്രില്ലർ കൂടി..ഒറ്റവാക്കിൽ അതാണ് അദൃശ്യം എന്ന സിനിമ. 'ടെയ്ൽ ഓഫ് ദ് അൺസീൻ' എന്ന ചിത്രത്തിന്റെ ക്യാപ്‌ഷൻ പോലെ ഒരു പെൺകുട്ടിയുടെ തിരോധാനത്തിന്റെ കാരണമന്വേഷിച്ചുള്ള കഥ പറയുന്ന സസ്പെൻസ് ത്രില്ലറാണ് ചിത്രം. അതിൽ 'സറോഗസി' അടക്കമുള്ള സബ്പ്ലോട്ടുകളും സംവിധായകൻ ഒരുക്കിയിട്ടുണ്ട്.


ചെന്നൈ നഗരത്തിൽനിന്ന് ഒരു മലയാളി യുവതിയെ കാണാതാകുന്നു. കുറച്ചു നാളുകൾക്കുശേഷം ഒരു ഉന്നത പൊലീസുദ്യോഗസ്ഥന്റെ മകളെയും കാണാതാകുന്നു. ഇവ തമ്മിൽ എന്തെങ്കിലും കണക്‌ഷനുണ്ടോ? ഈ രണ്ടു തിരോധനങ്ങൾ വെവ്വേറെ അന്വേഷിക്കാനെത്തുന്ന സേതു, രാജ്‌കുമാർ, നന്ദ എന്നീ ഉദ്യോഗസ്ഥരുടെ വഴികൾ പരസ്പരം കെട്ടുപിണയുന്നതും ഒടുവിൽ ചുരുളഴിയുന്ന തിരിച്ചറിവുകളുമാണ് അദൃശ്യം എന്ന ചിത്രത്തിന്റെ പ്രമേയം.


ജോജു ജോര്‍ജ്, നരേൻ, ഷറഫുദ്ദീന്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, ബിന്ദു സഞ്ജീവ്, എന്നിവർ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. അടുത്തിടെ കാലയവനികയിലേക്ക് മറഞ്ഞ പ്രതാപ് പോത്തനും ചിത്രത്തിൽ പ്രാധാന്യമുള്ള കഥാപാത്രമായെത്തുന്നുണ്ട്.

ശരിക്കും റിവഞ്ച് ക്രൈം ത്രില്ലറാണ് ചിത്രം. ഒരപകടത്തിൽ തന്റെ ജീവിതത്തിന്റെ പ്രതീക്ഷകൾ, വർണങ്ങൾ നഷ്ടമാകുന്ന ഒരു ചെറുപ്പക്കാരൻ, അതിനു പലവിധത്തിൽ കാരണക്കാരായ ആളുകളെ ഒരു ചരടിലെന്ന പോലെ കോർത്തെടുത്ത് പകരംവീട്ടുന്നതാണ് ചിത്രത്തിന്റെ ത്രെഡ്. മൂന്നു തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെ അണിനിരത്തിയാണ് ചിത്രം കഥപറയുന്നത്. ആ മൂന്നിലൊരാളാകാം ഒരേസമയം നായകനും വില്ലനും. അതാരെന്ന് പ്രേക്ഷകന് ഊഹിക്കാനുള്ള അവസരങ്ങൾ കഥാഗതിയിലുണ്ടെങ്കിലും പിടിതരാതെ വഴുതിമാറി ക്ലൈമാക്സ് വരെ സസ്പെൻസ് നിലനിർത്താൻ ചിത്രത്തിനാകുന്നുണ്ട്.


പ്രേക്ഷകന്റെ ഊഹങ്ങളെ തെറ്റിച്ച് പിടിതരാതെ തെന്നിമാറുന്ന ഈ അവതരണമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ആദ്യപകുതി യുവതിയുടെ തിരോധാനവും അതിന്റെ പിന്നിലുള്ള ആളുകളെയും പരിചയപ്പെടുത്തുമ്പോൾ ഇന്റർവെല്ലിനുശേഷം ചില ട്വിസ്റ്റുകളിലൂടെ കഥാഗതി വലിഞ്ഞുമുറുകുന്നു. ഒടുവിൽ കാവ്യനീതി പോലെ എല്ലാം കെട്ടടങ്ങി പര്യവസാനിക്കുന്നു.


കൂടുതൽ സ്‌ക്രീൻ സ്‌പേസുള്ളത് നരേൻ, ഷറഫുദീൻ എന്നിവർക്കാണ്. എങ്കിലും അടുത്തിറങ്ങിയ ചില സിനിമകളിലെപോലെ ഇടയ്ക്ക് കയറിവന്ന് പിന്നീട് ഞെട്ടിക്കുന്ന പതിവ് ജോജുവും തുടരുന്നു. തമിഴ് പശ്ചാത്തലത്തിൽ കഥ പറയുന്നതുകൊണ്ട് കൈതിയിലെയും വിക്രത്തിലെയും 'ബിജോയ്' എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നു ഇവിടെയും നരേൻ. ചില ദുരൂഹതകളുള്ള പൊലീസുകാരനായി ഷറഫുദീനും മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്. ആനന്ദി, പവിത്ര, ആത്മീയ എന്നീ നായികമാരിൽ പ്രകടനം കൊണ്ട് മുന്നിട്ടുനിൽക്കുന്നത് ആനന്ദിയുടെ കഥാപാത്രമാണ്.


സൂക്ഷ്മമായി പരിശോധിച്ചാൽ ചില ലൂസ് എൻഡുകൾ കണ്ടെത്താമെങ്കിലും അതൊന്നും സജീവമായ ആസ്വാദനത്തിന് തടസ്സമാകുന്നില്ല. മറ്റൊരു ക്ളീഷേ കാഴ്ചയായി ഒതുങ്ങുമോ എന്ന് പ്രേക്ഷകൻ കരുതുന്നിടത്തുനിന്നും ട്രാക്ക് മാറ്റുന്നിടത്താണ് ചിത്രത്തിന്റെ മികവ്. സാങ്കേതികമേഖലകൾ മികച്ചുനിൽക്കുന്നു. രചനയും സംവിധാനവും ഒരാളായത് കൊണ്ടുതന്നെ മികച്ച ഡീറ്റെയിലിങ് ദൃശ്യമാണ്. ഡാർക്ക് ഷെയ്ഡിലുള്ള ചിത്രത്തിന്റെ ഫ്രയിമിങ്ങും കംപോസിഷനും വേറിട്ടുനിൽക്കുന്നു. പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ സസ്പെൻസ് മൂഡ് നിലനിർത്താൻ സഹായിക്കുന്നു.  ഗാനങ്ങൾ മികവ് പുലർത്തുന്നതിനൊപ്പം കഥാഗതിയിലും നിർണായകമാകുന്നു. രണ്ടു മണിക്കൂർ മാത്രമാണ് ചിത്രമാണ് ദൈർഘ്യം. അതിനാൽ മുഷിപ്പിക്കുന്ന അനാവശ്യ വലിച്ചുനീട്ടലുകൾ ഇല്ല. ത്രില്ലിങ് അനുഭവമാകും ചിത്രം. അതിനാൽ ധൈര്യമായി ടിക്കറ്റെടുക്കാം