19 April 2024 Friday

ഭീകരതയെ ലോകത്ത് നിന്ന് തുടച്ച് മാറ്റാൻ ഇന്ത്യ വിശ്രമമില്ലാതെ പ്രവർത്തിക്കുന്നു’ : പ്രധാനമന്ത്രി

ckmnews

ഭീകരതയെ ലോകത്ത് നിന്ന് തുടച്ച് മാറ്റാൻ വിശ്രമമില്ലാത്ത പ്രവർത്തനം ഇന്ത്യ നടത്തുകയാണെന്ന് പ്രധാനമന്ത്രി. പിൻവാതിലിലൂടെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ചില രാജ്യങ്ങളുടെ നടപടി ലോക സമാധാനത്തിന് വെല്ലു വിളിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. ഭീകരവാദ ധനസഹായം അന്താരാഷ്ട്രതലത്തിൽ ചെറുക്കുക വിഷയത്തിലെ മൂന്നാമത് ‘ഭീകരതയ്ക്ക് പണമില്ല’ മന്ത്രിതല സമ്മേളനത്തിന് (എൻഎംഎഫ്ടി) ഡൽഹിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.


ഭീകരതയ്ക്ക് എതിരായ പോരാട്ടത്തിൽ സന്ധി ഇല്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി പരോക്ഷമായ് പാക്കിസ്ഥാനെയും ചൈനയെയും വിമർശിച്ചു. സ്വന്തം താത്പര്യങ്ങൾ നടക്കാൻ ഭീകരതയെ പ്രോത്സാഹിപ്പിയ്ക്കുന്ന സമീപനം അപകടകരമാണ്. നിരവധി ജീവനുകളാണ് തീവ്രവാദത്തിന് ഇരയായതെന്ന് അദ്ദേഹം പറഞ്ഞു. ഭീകരവാദികൾക്ക് ധന സഹായം നൽകുന്നതും ഭീകര പ്രവർത്തനമായി ഇന്ത്യ കരുതുന്നു.


2018 ഏപ്രിലിൽ പാരീസിലും 2019 നവംബറിൽ മെൽബണിലും നടന്ന മുമ്പത്തെ രണ്ട് സമ്മേളനങ്ങളുടെ നേട്ടങ്ങളും പഠനങ്ങളും രണ്ട് ദിവസ്സത്തെ ഉച്ചകോടി വിലയിരുത്തും. ഭീകര വാദികൾക്ക് സാമ്പത്തിക സഹായം നിഷേധിക്കുന്നതിന് ആഗോള സഹകരണം വർദ്ധിപ്പിക്കാൻ വേണ്ട കർമ്മ പരിപാടികൾക്കും യോഗം രൂപം നൽകും. മന്ത്രിമാർ, ബഹുമുഖ സംഘടനാ മേധാവികൾ, ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് (എഫ്എടിഎഫ്) പ്രതിനിധികൾ എന്നിവരുൾപ്പെടെ ലോകത്തെമ്പാടും നിന്നുള്ള 450 പ്രതിനിധികൾ ആണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.