19 April 2024 Friday

സോജുമോന്റെ പരിശീലനം വെറുതെ ഇയില്ല:അമ്പതോളം പേർ കാക്കിയണിയും

ckmnews

കുന്നംകുളം : ഗുരുവായൂർ ടെംപിൾ പോലീസ് സ്റ്റേഷനിലെ  സിവിൽ പോലീസ് ഓഫീസർ എൻ.എസ്. സോജുമോന്റെ നേതൃത്വത്തിൽ കുന്നംകുളം പഴഞ്ഞി ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൌണ്ടിൽ നടത്തുന്ന പരിശീലന കേന്ദ്രത്തിൽ നിന്നും കേരള പോലീസിലേക്കുള്ള പി.എസ്.സി.യുടെ കായികക്ഷമത പരീക്ഷ പാസ്സായത് അമ്പതോളം പേർ.അതിരാവിലെ അഞ്ചുമണിക്ക് ഗ്രൌണ്ടിലെത്തി,ഏഴുമണിവരെ കായിക പരിശീലനം നൽകുകയും, പിന്നീട് പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്ക് ഹാജരാകുന്ന സോജുമോൻ എന്ന പോലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് കുറച്ചു നാൾ മുൻപ് തൃശൂർ സിറ്റി പോലീസ് സമൂഹമാധ്യമങ്ങളിലൂടെ വാർത്ത നൽകിയിരുന്നു. സോജുമോന്റെ കഠിനാധ്വാനത്തിനും, ആത്മാർത്ഥതയ്കും ഇതാ ഫലം ലഭിച്ചിരിക്കുന്നു.കേരളാ പി.എസ്.സി നടത്തിയ എഴുത്തുപരീക്ഷയും കായികക്ഷമതാ പരീക്ഷയും കടന്ന്,അമ്പതോളം പേരാണ് സോജുമോന്റെ പരിശീലനകേന്ദ്രത്തിൽ നിന്നും പോലീസ് റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കാൻ കാത്തു നിൽക്കുന്നത്. 

“ഇതൊരു തുടക്കം മാത്രം. പരിശീലനങ്ങളും പഠന ക്ളാസ്സുകളും ഇനിയും ആർജ്ജവത്തോടെ തുടരും”. സോജുമോന്റെ ദൃഢനിശ്ചയം  നിറഞ്ഞ വാക്കുകൾ.

കായികപരിശീലനം മാത്രമല്ല, പി.എസ്.സി എഴുത്തുപരീക്ഷ എഴുതുന്നതിനു വേണ്ടി സിലബസ് അനുസരിച്ചുള്ള പരിശീലനം, പരീക്ഷാർത്ഥികൾ പാലിക്കേണ്ട മറ്റു നിർദ്ദേശങ്ങൾ എല്ലാം ക്രമമായി അടുക്കും ചിട്ടയോടും സോജുമോൻ പകർന്നു നൽകുന്നുണ്ട്. മാത്രമല്ല പണം കൊടുത്ത് പഠിക്കുന്ന ട്രെയിനിങ്ങ് സെൻററിൽ നിന്നും ലഭിക്കാത്ത നിയമ പരിജ്ഞാന ക്ളാസ്സുകളും സോജുമോൻ നൽകുന്നുണ്ട്.


കുന്നംകുളം പഴഞ്ഞി സ്കൂൾ ഗ്രൌണ്ട് കേന്ദ്രീകരിച്ചാണ് എൻ.എസ്. സോജുമോൻ എന്ന പോലീസുദ്യോഗസ്ഥന്റെ നേതൃത്വത്തിൽ  പി.എസ്.സി പരിശീലന ക്ലാസ്സുകളും, കായികക്ഷമതാ പരിശീലനവും നടക്കുന്നത്. നിലവിൽ അമ്പതോളം ചെറുപ്പക്കാർ വിവിധ റാങ്ക് ലിസ്റ്റുകളിൽ ഇടംനേടിയിട്ടുണ്ട്. പെൺകുട്ടികൾ ഉൾപ്പെടെ ഇരുപത്തിയഞ്ചോളം പേർ ഇതിനോടകം ജോലിയിൽ പ്രവേശിച്ചുകഴിഞ്ഞു. ഇന്ത്യ റിസർവ്വ് ബറ്റാലിയൻ കമാന്റോ വിഭാഗത്തിലേക്ക് പതിനഞ്ചോളം പേരാണ് യോഗ്യതനേടിയിരിക്കുന്നത്. ഇവരിൽ മുൻ സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളും ഉൾപ്പെടും. 


കഴിഞ്ഞ രണ്ടു വർഷമായി ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലാണ് N.S.സോജുമോൻ ജോലി ചെയ്യുന്നത്. ഇതിനുമുമ്പ് കുന്നംകുളം പോലീസ് സ്റ്റേഷനിൽ ജോലിചെയ്യുമ്പോൾ സ്റ്റുഡൻസ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഡ്രിൽ പരിശീലകനായിരുന്നു. പഴഞ്ഞി ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂൾ, പെരുമ്പിലാവ് അൻസാർ സ്കൂൾ എന്നിവിടങ്ങളിൽ  സ്റ്റുഡൻസ് പോലീസ് കേഡറ്റ് ഡ്രിൽ പരിശീലകനായി  സോജുമോൻ പ്രവർത്തിച്ചു. അക്കാലത്തെ മികച്ച പ്രവർത്തനം ഈ പോലീസുദ്യോഗസ്ഥനെ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും പ്രിയപ്പെട്ടവനാക്കി മാറ്റി. 


പഴഞ്ഞി സ്കൂൾ ഗ്രൌണ്ട് കേന്ദ്രീകരിച്ച് ഒരു സൌജന്യ പരീക്ഷ പരിശീലന കേന്ദ്രവും കായിക പരിശീലന കേന്ദ്രവും  സോജുമോൻ എന്ന പോലീസുദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രവർത്തനം നാട്ടുകാരുടേയും ശ്രദ്ധ പിടിച്ചുപറ്റി.  പഴഞ്ഞി ഹയർ സെക്കൻററി ഹൈസ്കൂളിലെ സ്പോർട്ട്സ് മാസ്റ്റർ സുധീഷ്, പഴഞ്ഞി വായനശാല സമിതി അംഗം സാജൻ മാസ്റ്റർ, വാർഡ് മെമ്പർ ബബിത, ടീം ലീഡർമാരായ വിഷ്ണു, പ്രിൻസ് എന്നിവരും എല്ലാ പ്രവർത്തനങ്ങൾക്കും തികഞ്ഞ സഹകരണവുമായി സോജുമോന്റെ ഒപ്പം നിൽക്കുന്നുണ്ട്.