19 April 2024 Friday

ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് പൊള്ളാര്‍ഡ്; ഇനി പുതിയ റോളില്‍

ckmnews

മുംബൈ: ഐപിഎല്ലില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ് താരമായ കെയ്റോണ്‍ പൊള്ളാര്‍ഡ്. ഐപിഎല്‍ പതിനാറാം സീസണായുള്ള മിനി താരലേലത്തിന് മുമ്പ് പൊള്ളാര്‍ഡിനെ മുംബൈ നിലനിര്‍ത്തിയേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊള്ളാര്‍ഡിന്‍റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. മുംബൈ ഇന്ത്യന്‍സിന് തലമുറമാറ്റം വേണമെന്ന കാര്യം അംഗീകരിക്കുന്നുവെന്നും മുംബൈ കുപ്പായത്തില്‍ കളിക്കാനായില്ലെങ്കില്‍ അവര്‍ക്കെതിരെ ഒരിക്കലും കളിക്കാന്‍ തനിക്ക് കഴിയില്ല എന്നതിനാലാണ് ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നതെന്നും പൊള്ളാര്‍ഡ് പ്രസ്താവനയില്‍ വ്യക്തമാക്കി.


എന്നാല്‍ മുംബൈ ഇന്ത്യന്‍സില്‍ കളിക്കില്ലെങ്കിലും അടുത്ത സീസണില്‍ അവരുടെ ബാറ്റിംഗ് പരിശീലകനായി താനുണ്ടാവുമെന്നും പൊള്ളാര്‍ഡ് വ്യക്തമാക്കി. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശതാരമായാണ് പൊള്ളാര്‍ഡ് 13 വര്‍ഷം നീണ്ട ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കുന്നത് . 189 മത്സരങ്ങളാണ് ഐപിഎല്ലില്‍ പൊള്ളാര്‍ഡ് കളിച്ചത്. കഴിഞ്ഞ 13 വര്‍ഷവും മുംബൈ മധ്യനിരയുടെ നെടുന്തൂണായും നിര്‍ണായക ഘട്ടങ്ങളില്‍ ആശ്രയിക്കാവുന്ന മീഡിയം പേസറായും പൊള്ളാര്‍‍ഡുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച പൊള്ളാര്‍ഡിന് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈ കുപ്പായത്തില്‍ തിളങ്ങാനായിരുന്നില്ല.