20 April 2024 Saturday

'സുധാകരന്റെ പരാമർശങ്ങൾ ഗൗരവതരം', പാർട്ടി പരിശോധിക്കുമെന്ന് വിഡി സതീശൻ

ckmnews

തിരുവനന്തപുരം : കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രസ്താവനകൾ ഗൗരവതരമാണെന്നും കോൺഗ്രസ് പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരൻ പറഞ്ഞത്. പ്രധാനപ്പെട്ട നേതാക്കൾ കെപിസിസി പ്രസിഡന്റുമായി വിഷയത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാമർശത്തിൽ എതിർപ്പുയർത്തിയ ഘടക കക്ഷികളുമായി സംസാരിക്കും. മതേതര നിലപാടിൽ വെള്ളം ചേർക്കുന്ന നിലപാടുകൾ കോൺഗ്രസിലുണ്ടാകില്ലെന്ന് വ്യക്തമാക്കിയ സതീശൻ, സുധാകരന്റെ പരാർമശത്തെ ഗൗരവതരമായാണ് പാർട്ടി കാണുന്നതെന്നും അറിയിച്ചു. കെപിസിസി അധ്യക്ഷ്നറെ ഭാഗത്ത് നിന്നും തുടർച്ചയായി ഇത്തരം പ്രസ്താവനകൾ ഉണ്ടാകുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ട്. അത് ഗൗരവതരമായെടുത്ത് കോൺഗ്രസ് പരിശോധിക്കുമെന്നും സതീശൻ വ്യക്തമാക്കി. ബംഗാളിൽ പരസ്യമായി സിപിഎം- ബി ജെ പി ബാന്ധവമാണ്. അങ്ങനെയുള്ള സിപിഎം ഞങ്ങളെ സംഘി വിരുദ്ധത പഠിപ്പിക്കാൻ വരേണ്ടതില്ലെന്നും സതീശൻ തുറന്നടിച്ചു. 


അടിക്കടി സുധാകരന്‍  നടത്തുന്ന പ്രസ്താവനകളില്‍ കടുത്ത അതൃപ്തിയാണ് കോണ്‍ഗ്രസിലുയരുന്നത്. ആര്‍എസ്എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനയിലെ ന്യായീകരണം തൊണ്ട തൊടാതെ വിഴുങ്ങാന്‍ നേതാക്കളില്‍ ഒരു വിഭാഗം തയ്യാറായിരുന്നില്ല. പിന്നാലെ വര്‍ഗീയതയോട് നെഹ്റു സന്ധി ചെയ്കതുവെന്ന പ്രസ്താവന കൂടി വന്നതോടെ പാര്‍ട്ടി തന്നെ വെട്ടിലായിരിക്കുകയാണ്. സിപിഎമ്മിനും ബിജെപിക്കും ഒരു പോലെ വടികൊടുത്തുവെന്ന പൊതുവികാരമാണ് പാര്‍ട്ടിയിലുള്ളത്. പ്രാദേശിക തലങ്ങളില്‍ പോലും സുധാകരന്‍റെ പ്രസ്താവനക്കെതിരെ കടുത്ത അമര്‍ഷം ഉയരുകയാണ്. വാക്കുപിഴയെന്ന് ന്യായീകരിക്കാന്‍ സുധാകരന്‍ ശ്രമിച്ചെങ്കിലും ലീഗടക്കമുള്ള  ഘടകകക്ഷികള്‍ കടുത്ത പ്രതിഷേധത്തിലാണ്. ഈ ഘട്ടത്തിലാണ് ചില എംപിമാരടക്കം എഐസിസിയെ സമീപിച്ചിരിക്കുന്നത്.