24 April 2024 Wednesday

ഏക സിവിൽ കോഡ് നടപ്പാക്കുക തന്നെ ചെയ്യും: അമിത് ഷാ

ckmnews

ഏക സിവിൽ കോഡ് ബി.ജെ.പി പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനമാണെന്നും അതു നടപ്പാക്കുക തന്നെ ചെയ്യുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏക സിവിൽ കോഡിനെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യം കോൺഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതേതരരാജ്യത്ത് എല്ലാവർക്കും തുല്യനിയമമാണ് വേണ്ടതെന്നും ഷാ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് 1950 മുതൽ ഞങ്ങളുടെ പ്രകടനപത്രികയിൽ പറയുന്നുണ്ട്. ഏതു മതേതരരാജ്യത്തും മുഴുവൻ മതക്കാരുമടങ്ങുന്ന പൗരന്മാർക്ക് തുല്യനിയമമാണ് വേണ്ടത്. കൊവിഡ് കാരണം പൗരത്വ ഭേദഗതി നിയമം(സി.എ.എ) നടപ്പാക്കാനായിരുന്നില്ല. നിയമം ഉറപ്പായും നടപ്പാക്കും.

370 വകുപ്പ് റദ്ദാക്കുമെന്നും അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്നും ഞങ്ങൾ പ്രഖ്യാപിച്ചിരുന്നു. കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുമാറ്റി മോദി അതു നടപ്പാക്കി. രാമക്ഷേത്രത്തിനായി മോദി ഭൂമി പൂജ നടത്തുകയും ചെയ്തു. അയോധ്യയിൽ ക്ഷേത്ര നിർമാണം പുരോഗമിക്കുകയാണ്. ജമ്മു കശ്മിരിൽ ദലിതുകൾക്ക് സംവരണമുണ്ടായിരുന്നില്ല. ബി.ജെ.പി അതു നടപ്പാക്കി-അമിത് ഷാ ചൂണ്ടിക്കാട്ടി.