29 March 2024 Friday

കോഴിക്കോട് സഹോദരിമാരായ കുട്ടികളെ പീഡിപ്പിച്ചു, സിവിൽ പൊലീസ് ഓഫീസർക്കെതിരെ പോക്സോ കേസ്

ckmnews

കോഴിക്കോട് : കോഴിക്കോട്ട് പ്രായപൂർത്തിയാകാത്ത സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച സിവിൽ പൊലീസ് ഓഫീസർക്കെതിരെ പോക്സോ കേസ്. കോഴിക്കോട് കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിപിഒ വിനോദ് കുമാറിനെതിരെയാണ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. കോഴിക്കോട് കൂരാച്ചുണ്ട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വിനോദ് കുമാർ ഒളിവിലാണെന്നാണ് വിവരം. കുട്ടികളുടെ അമ്മയാണ് വിനോദിനെതിരെ പരാതി നൽകിയത്. ഇവരെയും പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ട്. പരാതിക്കാരുടെ രഹസ്യമൊഴിയെടുത്ത ശേഷം കൂടുതൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് അറിയിച്ചു. 


തൃക്കാക്കര കൂട്ടബലാത്സംഗക്കേസിനും അമ്പലവയൽ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിനും പിന്നാലെയാണ് പൊലീസ് സേനയ്ക്കാകെ നാണക്കേടായി കോഴിക്കോട്ടും പോക്സോ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ പ്രതിയാകുന്നത്. തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പി.ആർ.സുനുവിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ പീഡിപ്പിക്കാൻ ശ്രമിച്ച ഗ്രേഡ് എഎസ്ഐ ടി ജി ബാബുവിനെ ഇതുവരെയും പിടികൂടാനായിട്ടില്ല.