25 April 2024 Thursday

രാജീവ് വധത്തെക്കുറിച്ച് പ്രിയങ്ക ചോദിച്ചു: 2008ലെ സന്ദർശനത്തെക്കുറിച്ച് നളിനി

ckmnews

രാജീവ് വധത്തെക്കുറിച്ച് പ്രിയങ്ക ചോദിച്ചു: 2008ലെ സന്ദർശനത്തെക്കുറിച്ച് നളിനി


ചെന്നൈ∙ ജയിലിൽ തന്നെകാണാൻ പ്രിയങ്ക ഗാന്ധി വാധ്‌ര എത്തിയതിനെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തി രാജീവ് ഗാന്ധി വധക്കേസിൽ ജയിൽമോചിതയായ നളിനി. 2008ൽ തമിഴ്നാട്ടിലെ വെല്ലൂർ സെൻട്രൽ ജയിലിലായിരുന്നു പ്രിയങ്ക നളിനിയെ കണ്ടത്. ജയിൽമോചിതയായശേഷമുള്ള ആദ്യ വാർത്താസമ്മേളനത്തിലായിരുന്നു നളിനി ഇക്കാര്യങ്ങൾ പറഞ്ഞത്.


‘‘രാജീവ് ഗാന്ധിയെക്കുറിച്ചാണ് പ്രിയങ്ക ചോദിച്ചത്. അവർ വളരെ വൈകാരികമായാണ് സംസാരിച്ചത്. സംഭവത്തെക്കുറിച്ച് എനിക്ക് അറിയാവുന്ന കാര്യങ്ങൾ പ്രിയങ്കയെ ധരിപ്പിച്ചു. അവർ കരയുകയും ചെയ്തു. കൂടിക്കാഴ്ചയിലെ മറ്റു കാര്യങ്ങൾ പുറത്തുവിടില്ല’’ – നളിനി പറഞ്ഞു.



1991ൽ തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വച്ച് എൽടിടിയുടെ ചാവേർ ആക്രമണത്തിലായിരുന്നു രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. 1999ൽ നളിനിക്കും ഭർത്താവ് ശ്രീഹരനും മറ്റു രണ്ടുപേർക്കും സുപ്രീംകോടതി വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ജീവപര്യന്തമാക്കി ഇളവു ചെയ്തു. കഴിഞ്ഞ ദിവസം സുപ്രീംകോടതി ഇവരെ ജയിൽമോചിതരാക്കാൻ ഉത്തരവിടുകയും ചെയ്തു.


ഗാന്ധി കുടുംബം കാണാൻ ആവശ്യപ്പെട്ടാൽ കാണുമെന്നും പക്ഷേ, വിമുഖതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ജയിൽ ഒരു ‘വലിയ സർവകലാശാലയാണെന്നും’ അനേകം കാര്യങ്ങൾ പഠിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. ഭർത്താവ് ശ്രീഹരനും ലണ്ടനിൽ കഴിയുന്ന മകൾക്കുമൊപ്പം ജീവിക്കുക എന്നതാണ് പ്രധാനമായും നോക്കുന്നതെന്നും ചോദ്യത്തിനു മറുപടിയായി അവർ പറഞ്ഞു.