24 April 2024 Wednesday

അതിജീവിതയുടെ കയ്യിൽ കയറിപ്പിടിച്ചു, ദൃശ്യം പകർത്തി: എഎസ്‌ഐക്കെതിരെ വീണ്ടും കേസ്

ckmnews

അതിജീവിതയുടെ കയ്യിൽ കയറിപ്പിടിച്ചു, ദൃശ്യം പകർത്തി: എഎസ്‌ഐക്കെതിരെ വീണ്ടും കേസ്


കൽപറ്റ∙ വയനാട് അമ്പലവയലില്‍ പ്രായപൂര്‍ത്തിയാകാത്ത അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഎസ്‌ഐ ടി.ജി.ബാബുവിനെതിരെ സംസ്ഥാന പട്ടികജാതി – വർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ വയനാട് ജില്ലാ പൊലീസ് മേധാവിയോട് കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. തെളിവെടുപ്പിനിടെ എഎസ്‌ഐ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പതിനേഴുകാരിയുടെ പരാതിയില്‍ ബാബുവിനെ സസ്പെന്‍ഡ് ചെയ്‌തിരുന്നു. പോക്സോയ്ക്ക് പുറമെ പട്ടികജാതി – വർഗ അതിക്രമ നിരോധന നിയമവും എഎസ്‌ഐക്കെതിരെ ചുമത്തി.


കഴിഞ്ഞ മാസം 26ന് ആയിരുന്നു സംഭവം. സമൂഹമാധ്യമത്തിൽ പരിചയപ്പെട്ട യുവാക്കൾ ചേർന്ന് പെൺകുട്ടിയെ ഊട്ടിയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ബലാത്സംഗം ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പിനായി അവിടേയ്ക്കു കൊണ്ടുപോയത്. എഎസ്‌ഐ ബാബുവിനൊപ്പം എസ്ഐ സോബിനും വനിതാ ഉദ്യോഗസ്ഥയുമുണ്ടായിരുന്നു. ലോഡ്‌ജിൽ തെളിവെടുപ്പിനു ശേഷം തിരികെ വരുമ്പോൾ പെൺകുട്ടിയെ എഎസ്ഐ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു പരാതി. 



എസ്ഐ സോബിനും സിപിഒ പ്രജിഷയും സ്ഥലത്തുനിന്ന് മാറിയതിനു പിന്നാലെ എഎസ്‌ഐ പെൺകുട്ടിയുടെ കയ്യിൽ കയറിപ്പിടിക്കുകയും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്‌തു. സിഡബ്ല്യുസി വഴിയാണ് പെൺകുട്ടി എഎസ്ഐക്കെതിരെ പൊലീസിൽ പരാതി നൽകിയത്. പിന്നീ‍ട് എസ‌്‌പി ഇടപെട്ട് സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്തി. പരാതിയിൽ കഴമ്പുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ സ‌സ്‌പെൻഡ് ചെ‌യ്‌തത്. നേരിട്ട് പങ്കില്ലെങ്കിലും തെളിവെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റ് രണ്ട് പൊലീസുകാർക്കെതിരെയും കൃത്യനിർവഹണത്തിൽ വീഴച വരുത്തിയതിനു നടപടി ഉണ്ടാകും. എസ്എംസി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.