24 April 2024 Wednesday

ഭീഷണിപ്പെടുത്തുംവിധം കത്തുകളയച്ചു, ഇല്ലാത്ത അധികാരം ഉപയോഗിച്ചു; ഗവര്‍ണര്‍ക്കെതിരെ കലാമണ്ഡലം മുന്‍ വിസി

ckmnews

തൃശ്ശൂര്‍ : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നീക്കിയ നടപടി സ്വാഗതം ചെയ്ത് കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍. ഗവര്‍ണര്‍ കലാമണ്ഡലത്തില്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ചെന്ന് മുന്‍ വിസി ഡോ.ടി.കെ നാരായണന്‍  പറഞ്ഞു. തന്നെ ഭീഷണിപ്പെടുത്തുന്ന വിധം തുടര്‍ച്ചയായി കത്തുകള്‍ അയച്ചെന്നും ടി.കെ നാരായണന്‍ ആരോപിച്ചു.


കലാമണ്ഡലത്തില്‍ ഗവര്‍ണറുടെ അധികാരം സംബന്ധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും സാംസ്‌കാരിക വകുപ്പില്‍ നിന്ന് ലഭിച്ച മറുപടി തൃപ്തികരമായിരുന്നില്ല. ഗവര്‍ണര്‍ക്കെതിരെ കോടതിയില്‍ പോയതിന് സാംസ്‌കാരിക വകുപ്പ് അന്ന് റിപ്പോര്‍ട്ട് തേടി. തന്റെ നിലപാട് ശരിവയ്ക്കുന്ന നടപടിയാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നും മുന്‍ വി സി പ്രതികരിച്ചു.


‘അത് ചെയ്‌തോ ഇത് ചെയ്‌തോ എന്നൊക്കെ ചോദിച്ച് മാസാമാസം കത്തയ്ക്കുകയായിരുന്നു. അതൊന്നും ഒരു ഗവര്‍ണര്‍ ചെയ്യേണ്ടതല്ല. സര്‍വകലാശാലയുടെ ദൈനംദിന കാര്യങ്ങളില്‍ ഗവര്‍ണര്‍ ഇടപെടാന്‍ ഒരു യൂണിവേഴ്‌സിറ്റി ആക്ടും അനുവദിക്കുന്നില്ല. ഡീന്‍മാരെ ഞാന്‍ നോമിനേറ്റ് ചെയ്തപ്പോഴും ഗവര്‍ണറുടെ ഓഫീസില്‍നിന്ന് എന്നെ വിളിച്ചുചോദിച്ചു. എന്റെ അധികാരമുപയോഗിച്ചാണ് ഞാന്‍ നോമിനേറ്റ് ചെയ്തത്. വിസിയുടെ അധികാരമാണ് ഡീന്‍മാരെ നോമിനേറ്റ് ചെയ്യുകയെന്നത്. എന്നോട് നേരിട്ട് ഹാജരാകാനും ആവശ്യപ്പെട്ടു. ഒരു വിസിയോട് എങ്ങനെയാണ് ഹാജരാകാന്‍ ആവശ്യപ്പെടുന്നത്?. രജിസ്ട്രാറോട് ഹാജരാകാന്‍ ആവശ്യപ്പെടാം. ഒരു വിസിയെന്നാല്‍ വലിയൊരു സ്ഥാനമാണ്. ആ സ്ഥാനത്തെ മാനിക്കണം. ഹാജരാകാതിരിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുന്ന മട്ടിലാണ് കത്തയയ്ക്കുന്നത്. ഇതൊന്നും അനുസരിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നില്ല’. ഡോ. ടി.കെ നാരായണന്‍ പറഞ്ഞു.