19 April 2024 Friday

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർ.എസ്.എസ് പ്രവർത്തകൻ; നിര്‍ണായക മൊഴി പുറത്ത്

ckmnews

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ വഴിത്തിരിവ്. ആക്രമണം നടത്തിയത് ആർ.എസ്.എസ് പ്രവർത്തകനാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ആക്രമണം നടത്തിയത് തന്റെ സഹോദരനെന്ന് യുവാവിന്റെ മൊഴി.


കുണ്ടമൺകടവ് സ്വദേശി പ്രശാന്താണ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. പ്രശാന്തിന്‍റെ   സഹോദരൻ പ്രകാശും സുഹൃത്തുക്കളുമാണ് ആക്രമണം നടത്തിയതെന്നാണ് മൊഴി. പ്രകാശ് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തിരുന്നു. പ്രകാശും സുഹൃത്തുക്കളും ആർ എസ് എസ് പ്രവർത്തകരാണെന്നുമാണ് സഹോദരന്റെ മൊഴി. സംഭവത്തിന് ശേഷം സുഹൃത്തുക്കൾ പ്രകാശനെ മർദിച്ചിരുന്നെന്നും മൊഴിയിലുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച് സംഘം.


സത്യം പുറത്ത് വന്നതില്‍ സന്തോഷമുണ്ടെന്ന് സന്ദീപാനന്ദഗിരി പ്രതികരിച്ചു. താനാണ് ആശ്രമം കത്തിച്ചത് എന്നുവരെ പലരും പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.


2018 ഒക്ടോബർ 27-ന് പുലർച്ചെയായിരുന്നു സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. തീകത്തിച്ചശേഷം ആശ്രമത്തിനുമുന്നിൽ ആദരാഞ്ജലികൾ എന്നെഴുതിയ റീത്തും വെച്ചിരുന്നു. കുണ്ടമൺകടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങൾ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു.