28 March 2024 Thursday

കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതി നോട്ടീസ്

ckmnews

കൊച്ചി : തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. സർക്കാർ അടക്കമുള്ള എതിർ കക്ഷികൾക്കും നോട്ടീസ് നൽകാൻ ഹൈക്കോടതി തീരുമാനം. സംസ്ഥാന സർക്കാർ, ഡിജിപി, സിബിഐ എന്നിവർക്ക് നോട്ടീസ് നൽകി ഹൈക്കോടതി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. മേയർ ആര്യ രാജേന്ദ്രനും ഡി ആർ അനിലിനും കോടതി നോട്ടീസ് അയച്ചു.


ഹർജിയിന്മേൽ മേയർ അടക്കമുള്ള എതിർ കക്ഷികൾ വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു. കത്ത് വിവാദത്തിൽ വാദം കേൾക്കാൻ തീരുമാനിച്ച ഹൈക്കോടതി ഹർജി പരി​ഗണിക്കുന്നത് നവംബർ 25 ലേക്ക് മാറ്റി.


വിവാദകത്തിൽ ജുഡീഷ്യൽ അന്വേഷണമോ സിബിഐ അന്വേഷണമോ ആവശ്യപ്പെട്ടാണ് കൗൺസിലർ ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചത്. ഈ വിഷയത്തിൽ എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. വിഷയത്തിൽ നിലവിലുള്ള പരിശോധന നടക്കുന്നുണ്ടെന്നും ഇപ്പോഴുള്ളത് ആരോപണമാണെന്നും അതിന് പിന്നിൽ രാഷ്ട്രീയമാണെന്നുമുള്ള വാദമാണ് സർക്കാർ നിരത്തിയത്. മേയർക്ക് നോട്ടീസ് നൽകുന്നതിനെ സർക്കാർ എതിർത്തു.


എന്നാൽ ആരോപണം നിലനിൽക്കുന്നത് മേയർക്ക് എതിരെ ആയതിനാൽ വിശദീകരണം നൽകേണ്ടത് മേയർ ആണെന്ന് കോടതി. അതിനാൽ മേയർക്കും പാർലമെന്ററി പാർട്ടി നേതാവ് ഡി ആർ അനിലിനും നോട്ടീസ് നൽകാൻ കോടതി തീരുമാനിക്കുകയായിരുന്നു. സിബിഐ അടക്കമുള്ളവർ എതിർ കക്ഷികളാണ്. സിബിഐയ്ക്കും നോട്ടീസ് അയക്കും.