20 April 2024 Saturday

ചങ്ങരംകുളം സ്വദേശിയായ അധ്യാപകന് ദേശീയ പുരസ്കാരം

ckmnews

ചങ്ങരംകുളം സ്വദേശിയായ അധ്യാപകന് ദേശീയ പുരസ്കാരം


ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ഉർദു അദ്ധ്യാപകൻ വി.പി. ഫൈസലിന് എം.ജി. പട്ടേൽ നാഷണൽ അവാർഡ് ഫോർ ഐഡിയൽ ഉർദു ടീച്ചേർസ്  2022 പുരസ്കാരം ലഭിച്ചു.കേരളത്തിൽ നിന്ന് സെക്കണ്ടറി വിഭാഗത്തിന് ലഭിച്ച ആദ്യ അംഗീകാരമാണ്.മഹാരാഷ്ട്രയിലെ പൂനെ ജയ്സിംഗ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാൻദാർ സ്പോർട്സ് ആന്റ് എജ്യൂക്കേഷൻ അസോസിയേഷൻ ദേശീയ തലത്തിൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും പ്രൈമറി, സെക്കണ്ടറി വിഭാഗങ്ങളിലെ ഒന്ന് വീതം ഉർദു അദ്ധ്യാപകർക്കാണ് ദേശീയ അധ്യാപക അവാർഡ് ജേതാവും വിദ്യാഭ്യാസ - സാമൂഹ്യ പ്രവർത്തകനുമായിരുന്ന എം.ജി പട്ടേലിന്റെ സ്മരണാർത്ഥം പുരസ്കാരം നൽകുന്നത്.ഉർദുഭാഷയുടെ പ്രചാരണം, അദ്ധ്യാപക പ്രോത്സാഹനം എന്നിവക്കാണ് ഫൈസൽ മാഷ് അർഹത നേടിയത്.കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി  ഉർദു അക്കാദമിക രംഗത്ത് ഫൈസൽ മാസ്റ്റർ സജീവമാണ്. 2000 നവംമ്പറിൽ പരീക്ഷഭവൻ നടത്തിയ ഉർദു ഹയർ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി, 2001ലെ കോഴിക്കോട് സർവ്വകലാശാല അദീബെ ഫാസിൽ പ്രിലിമിനറി പരീക്ഷയിൽ രണ്ടാം റാങ്കും 2003ലെ അദീബെ ഫാസിൽ ഫൈനൽ പരീക്ഷയിൽ ഒന്നാം റാങ്കും 2005ൽ പരീക്ഷഭവൻ നടത്തിയ ഉർദു ഭാഷ അദ്ധാപക പരിശീലനത്തിൽ ഉന്നത വിജയവും കരസ്ഥമാക്കിയ ഫൈസൽ മാസ്റ്റർ ഹൈദരാബാദ് മൗലാന ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റിയിൽ നിന്ന് ഉർദു സാഹിത്യത്തിൽ ഫസ്റ്റ് ക്ലാസോടെ ബിരുദാനന്തരം ബിരുദം നേടിയിട്ടുണ്ട്. 2007 ൽ സർക്കാർ ജോലിയിൽ പ്രവേശിച്ചു. മലപ്പുറം, പാലക്കാട് ജില്ലകളിൽ സേവനം അനുഷ്ഠിച്ച് 2015 മുതൽ ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനായി തുടരുന്നു. മാപ്പിളപ്പാട്ട് തനത് ഈണത്തിൽ ഉർദുവിലേക്ക് വിവർത്തനം ചെയ്തതിന് 2018 ൽ കേരള മാപ്പിള കലാ സാഹിത്യ അക്കാദമിയുടെ സേവന പുരസകാരം ലഭിച്ചു. എട്ടുവർഷം തുടർച്ചയായി പൊന്നാനി , എടപ്പാൾ മേഖലിയിലെ പ്രാദേശിക ചാനൽ അവതാരകനായും ,വാർത്ത വായനക്കാരനുമായിരുന്നു.ഉർദുവിലും മലയാളത്തിലും നിരവധി കവിതകളും ഗാനങ്ങളും രചിച്ചിട്ടുണ്ട്.

ചാലിശ്ശേരി സ്കൂളിനായി സ്വാഗതഗാനം എഴുതിയിട്ടുണ്ട്.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന തല അക്കാദമിക പ്രവർത്തനങ്ങളിൽ സജീവമാണ്. ഉർദു പാഠപുസ്തക നിർമ്മാണ സമിതിയംഗം , സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് കോർ സമിതിയംഗം, സമഗ്ര വെബ് പോർട്ടൽ കണ്ടന്റ് ഡെവലപ്പ്മെന്റ് ടീം അംഗം , റെവന്യൂ ജില്ല സ്കൂൾ കലോത്സവം, യൂണിവേഴ്സിറ്റി യുവജനോത്സവം, അഖില കേരള ഗസൽ ആലാപന മൽസരങ്ങളിൽ വിധികർത്താവ് , കൈറ്റ് വിക്ടേഴ്സ് ചാനൽ ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസ് അവതാരകൻ , ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിൽ ഏഴു വർഷമായി സെക്രട്ടറി എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു.

ചങ്ങരംകുളം - ആലങ്കോട് പെരുമുക്ക് വട്ടപ്പറമ്പിൽ മുഹമ്മദ് കുട്ടി - ഫാത്തിമ ദമ്പതിമാരുടെ മകനാണ്. ഭാര്യ സഫീറ കുടുംബശ്രീ അയൽക്കൂട്ടം സെക്രട്ടറിയാണ്. മൂക്കുതല പി.സി.എൻ.ജി.എച്ച്. എസ്.എസിൽ പത്താംക്ലാസ് വിദ്യാർത്ഥി മെഹ്ബാസ് അഹമദ് ,പെരുമുക്ക് എ.എം.എൽ.പി. സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥി മെഹ്സാദ് അമീൻ എന്നിവർ മക്കളാണ്. കഴിഞ്ഞ ദിവസം തദ്ദേശ -എക്സെസ് വകുപ്പ് മന്ത്രി അഡ്വ എം.ബി രാജേഷ് വി.പി.ഫൈസലിനെ അനുമോദിച്ചു.ലോക ഉർദുദിനമായ നവംബർ 9ന് പൂനെയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.