19 April 2024 Friday

ഖത്തർ ലോകകപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് ബ്രസീൽ; ഫിർമിനോ പുറത്ത്

ckmnews

റിയോ ഡി ജനീറോ ∙ ഖത്തർ ലോകകപ്പിനുള്ള ബ്രസീൽ ഫുട്ബോൾ ടീമിനെ കോച്ച് ടിറ്റെ പ്രഖ്യാപിച്ചു. ഇംഗ്ലിഷ് ക്ലബ് ലിവർപൂളിന്റെ ഫോർവേഡ് റോബർട്ടോ ഫിർമിനോ, ആസ്റ്റൻ വില്ലയുടെ മിഡ്ഫീൽഡർ ഫിലിപ്പെ കുടീഞ്ഞോ എന്നിവരാണ് 26 അംഗ ടീമിൽ ഉൾപ്പെടാതെ പോയ പ്രമുഖർ. പരിശീലനത്തിനിടെ കാൽ തുടയ്ക്കേറ്റ പരുക്കാണ് കുടീഞ്ഞോയ്ക്കു തിരിച്ചടിയായത്. മുപ്പത്തിയൊൻപതുകാരനായ ഡിഫൻഡർ ഡാനി ആൽവസാണ് സീനിയർ. ടീമിലെ 16 താരങ്ങൾ ഇതുവരെ ലോകകപ്പ് കളിക്കാത്തവരാണ്. റിയോയിലെ ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ ആസ്ഥാനത്താണ് ടിറ്റെ ടീമിനെ പ്രഖ്യാപിച്ചത്. ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ പരിശീലകനായിരുന്ന റിക്കാർഡോ ഗോമസ് ലോകകപ്പിൽ ടിറ്റെയുടെ സഹപരിശീലകനാകും. 


ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ നിന്നുള്ള 12 കളിക്കാർ ടീമിലുണ്ട്. ക്ലബ്ബുകളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, യുവന്റസ്, റയൽ മഡ്രിഡ് എന്നിവയിൽ നിന്ന് മൂന്നു പേർ വീതം. ബ്രസീലിയൻ ക്ലബ്ബുകളിൽ കളിക്കുന്ന 3 പേർ മാത്രമാണ് ടീമിലുള്ളത്. യൂറോപ്പിൽ നിന്ന് 22 പേർ. മെക്സിക്കൻ ക്ലബ് പ്യൂമാസിനു വേണ്ടി കളിക്കുന്ന ഡ‍ാനി ആൽവസ് മാത്രമാണ് ബ്രസീലിലും യൂറോപ്പിലുമല്ലാതെ ക്ലബ് ഫുട്ബോൾ കളിക്കുന്ന ഒരേയൊരു താരം.


ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ പരിശീലന സൗകര്യങ്ങളാണ് ലോകകപ്പിനു മുൻപ് ബ്രസീൽ ഉപയോഗിക്കുക. 14ന് ടൂറിനിലെത്തുന്ന ടീം അഞ്ചു ദിവസം നീളുന്ന ക്യാംപിനു ശേഷം നവംബർ 19ന് ഖത്തർ തലസ്ഥാനമായ ദോഹയ്ക്കു തിരിക്കും. നവംബർ 24ന് സെർബിയയ്ക്കെതിരെയാണ് ലോകകപ്പിൽ ബ്രസീലിന്റെ ആദ്യ മത്സരം.