29 March 2024 Friday

സംസ്ഥാനത്ത് ലഹരിയുടെ ഓൺലൈൻ വ്യാപാരം സജീവം; മരുന്നുകളും ദുരുപയോഗം ചെയ്യുന്നു

ckmnews

കോഴിക്കോട്  : ഓപ്പറേഷൻ തിയേറ്ററുകളിൽ ശസ്ത്രക്രിയ സമയത്ത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഇഞ്ചക്ഷൻ മരുന്ന് പോലും കേരളത്തിൽ ലഹരിക്കായി ഉപയോഗിക്കുന്നതിന്റെ തെളിവുകൾ റോവിംഗ് റിപ്പോർട്ടർ പുറത്തുവിടുന്നു. ഡോക്ടർമാരുടെ കുറിപ്പടിയോടെ മാത്രം കിട്ടുന്ന മെഫൻട്രമിൻ സൾഫേറ്റ്, ഓൺലൈൻ വഴി പർച്ചേസ് ചെയ്ത് ലഹരിക്കായി ഉപയോഗിക്കുന്നതാണ് തുറന്നുകാട്ടുന്നത്. ഇതടക്കം ചുഴലിക്കും, വിഷാദരോഗത്തിനുമുള്ള മരുന്നുകളും വേദന സംഹാരികളും ദുരുപയോഗം ചെയ്യുമ്പോൾ നിയമത്തിലെ അപര്യാപ്തത കാരണം പൊലീസിനോ എക്സൈസിനോ കേസെടുക്കാൻ ആകുന്നില്ല.


ശസ്ത്രക്രിയ സമയത്ത് ബ്ലഡ് പ്രഷർ കുറയാതിരിക്കാൻ ഉപയോഗിക്കുന്ന മെഫൻട്രമിൻ സൾഫേറ്റ് എന്ന മരുന്ന് ഡോക്ടറുടെ കുറിപ്പടിയില്ലാതെ കിട്ടില്ല. പൊലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് ജിമ്മിലും കബഡി മത്സരത്തിലും ഉത്തേജന മരുന്നായും പലരും ലഹരി മരുന്നായും ഇത് ഉപയോഗിക്കുന്നുണ്ട് എന്ന് മനസിലായത്.


ഓൺലൈൻ വഴി ഓർഡർ നൽകിയാൽ ആ മരുന്നെത്തും. അതും ഏഴ് ദിവസത്തിനുള്ളിൽ . സൈറ്റിൽ കൊടുത്ത നമ്പർ എടുത്ത് ഓർഡർ നൽകിയാൽ മാത്രം മതി. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഈ മരുന്ന് കിട്ടുമോ എന്ന ചോദ്യത്തിന് ഒരു പ്രശ്നവും ഇല്ലെന്നായിരുന്നു ഓൺലൈൻ വിതരണക്കാരന്‍റെ മറുപടി. 


നിരോധിച്ചമയക്കു മരുന്ന് പട്ടികയിൽ മെഫൻട്രമിൻ സൾഫേറ്റ് ഇല്ലാത്തതിനാൽ ഇത് ഉപയോഗിക്കുന്നവർക്കെതിരെ കേസെടുക്കാൻ പൊലീസിനോ എക്സൈസിനോ പറ്റില്ല. ഈ കാര്യത്തിൽ ഡ്രഗ്സ് കൺട്രോളറുടെ  ഇടപെടലും ഉണ്ടാകാറില്ല. സ്ഥിരമായി ഉപയോഗിച്ചാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മരുന്നാണിത്.മാനസിക നിലയെ മാത്രമല്ല മിക്ക അവയവങ്ങളേയും ബാധിക്കുന്ന ആ മരുന്നുപയോഗം മരണത്തിലേക്ക് വരെ നയിച്ചേക്കാം


കാന്‍സറിന്റെ ഏറ്റവും അവസാന ഘട്ടത്തിൽ വേദന കുറക്കാന്‍ നല്‍കുന്ന ഗുളികകള്‍, ഹൃദയാഘാതം ഉണ്ടായവര്‍ക്ക് നല്‍കുന്ന മരുന്നുകളും, ചുഴലി ദീനത്തിനുള്ള മരുന്ന് ഇങ്ങനെ പല മരുന്നുകളും ദുരുപയോഗം ചെയ്യുന്നുണ്ട്. ഒപ്പം ഓൺലൈൻ വഴി എൽഎസ്ഡി സ്റ്റാംപ് ഉൾപെടെയുള്ള മയക്കുമരുന്നും തപാലിൽ കിട്ടും. വാട്സാപ്പ് ഗ്രൂപ്പും ഇൻസ്റ്റഗ്രാമും ഡാർക്ക് നെറ്റും അങ്ങനെ ലഹരി ഒഴുകുന്ന വഴികൾ പലതാണ്.