28 March 2024 Thursday

കടവിൽ കുളിക്കാൻ ഇറങ്ങിയവർ കണ്ടത് കൂറ്റൻ ചീങ്കണ്ണിയെ:ആശങ്കയിൽ നെയ്യാറ്റിന്‍കര

ckmnews

കടവിൽ കുളിക്കാൻ ഇറങ്ങിയവർ കണ്ടത് കൂറ്റൻ ചീങ്കണ്ണിയെ:ആശങ്കയിൽ നെയ്യാറ്റിന്‍കര


തിരുവനന്തപുരം:ചീങ്കണ്ണിപ്പേടിയില്‍ നെയ്യാറ്റിന്‍കര. ചെങ്കല്‍ പഞ്ചായത്തിലെ കാഞ്ഞിരംമൂട്ട് കടവില്‍ കുളിക്കാനിറങ്ങിയവര്‍ ചീങ്കണ്ണിയെ കണ്ടതോടെയാണ് ആശങ്ക ഉയര്‍ന്നത്. പഞ്ചായത്തില്‍ നെയ്യാര്‍ കടന്ന് പോകുന്ന വ്ളാത്താങ്കര, നെച്ചിയൂര്‍, വ്ളാത്താങ്കര കിഴക്ക്, കീഴ്മാകം വാര്‍ഡുകളിലെ കടവുകളില്‍ കുളിക്കുന്നതിനും വളര്‍ത്തു മൃഗങ്ങളെ കഴുകുന്നതിനും ഒരാഴ്ചത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. 


നെയ്യാര്‍ ഡാമിന് സമീപത്ത് ഒരാഴ്ച മുൻപു ചീങ്കണ്ണിയെ കണ്ടിരുന്നു. എന്നാല്‍ കിലോമീറ്ററുകൾക്കിപ്പുറം കാഞ്ഞിരംമൂട്ട് കടവില്‍ ഒന്നില്‍ കൂടുതല്‍പേര്‍ ചീങ്കണ്ണിയെ കണ്ടതോടെയാണ് നാട്ടുകാർ ആശങ്കയിലായത്. കടവുകളിലേക്ക് ഇറങ്ങുന്ന സ്ഥലങ്ങളില്‍ വലിയ കമ്പുകള്‍കൊണ്ട് വേലി തീർത്തിരിക്കുകയാണ്.




നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് വാഹനങ്ങളില്‍ മൈക്കിലൂടെയുളള മുന്നറിയിപ്പും നൽകുന്നുണ്ട്. റിസര്‍വോയറില്‍നിന്ന് ചീങ്കണ്ണി എത്താനുളള സാധ്യത വനം വകുപ്പ് തള്ളി. ഒഴുക്കില്‍പെട്ട് വർഷങ്ങൾക്ക് മുൻപെത്തിയ ചീങ്കണ്ണികുഞ്ഞുങ്ങള്‍ വളര്‍ന്ന് വലുതാകാനുളള സാധ്യത പരിശോധിക്കുകയാണ്.