25 April 2024 Thursday

ഗുരുവായൂര്‍ ഏകാദശി ! ഇന്ന് കോടതി വിളക്ക് ആഘോഷം; നാളെ ഗുരുവായൂര്‍ മര്‍ച്ചന്‍റ്സ് വിളക്ക്

ckmnews

ക്ഷേത്രത്തില്‍ ഏകാദശിയുടെ ഭാഗമായി വിളക്കാഘോഷങ്ങളില്‍ ഇന്ന് ചാവക്കാട് മുന്‍സിഫ് കോടതി വക വിളഘോഷമാണ് നാളെ ഗുരുവായൂര്‍ മര്‍ച്ചന്‍റ്സ് വക വിളക്കാഘോഷമാണ്.

കോടതി വിളക്കിന്‍റെ ഭാഗമായി ക്ഷേത്രത്തില്‍ ഇന്നു രാവിലേയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിക്ക് പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ മേളമുണ്ടാകും. സന്ധ്യക്ക് കക്കാട് രാജപ്പന്‍, ശശിമാരാര്‍ എന്നിവരുടെ തായന്പകയും രാത്രി വിളക്കെഴുന്നെള്ളിപ്പിന് ഇടയ്ക്ക പ്രദക്ഷിണവും ഉണ്ടാകും. നാളെ ഗുരുവായൂര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍റെ വിളക്കാഘോഷമാണ്. രാവിലെ കാഴ്ചശീവേലിക്കു പെരുവനം സതീശന്‍ മാരാരുടെ മേളം അകന്പടിയാകും. ഉച്ചതിരിഞ്ഞും രാത്രി വിളക്കെഴുന്നെള്ളിപ്പിനും ചോറ്റാനിക്കര സുബാഷ് മാരാര്‍ പഞ്ചവാദ്യം നയിക്കും. സന്ധ്യക്കു കാര്‍ത്തിക് മാരാരുടെ തായന്പകയും അരങ്ങേറും. 


മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 7.45 മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. രാവിലെ 10 മുതല്‍ 12 വരെ പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്‍പ്പാത്തി ബാലകൃഷ്ണന്‍ എന്നിവരുടെ ഡബിള്‍ തായന്പകയാണ്. തുടര്‍ന്ന് വ്യാപാരി കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. വൈകീട്ട് അഞ്ച് മുതല്‍ ജി.വി. രാമനാഥന്‍ നയിക്കുന്ന സന്പ്രദായ ഭജന, ഏഴു മുതല്‍ പിന്നണി ഗായകന്‍ മധുബാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഭക്തി ഗാനമേളയുമാണ്. ഇന്നലെ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നന്പൂതിരിപ്പാടിന്‍റെ വകയായുള്ള വിളക്കാഘോഷമായിരുന്നു. സന്പൂര്‍ണ്ണ നെയ് വിളക്കായാണ് ആഘോഷം നടന്നത്.