29 March 2024 Friday

സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; തൃശൂർ - കോഴിക്കോട് റൂട്ടിലെ അടക്കം പെർമിറ്റ് റദ്ദാക്കാൻ ബസ്സുകൾക്ക് നോട്ടിസ് നൽകി ആർ ടി ഒ

ckmnews

സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്;  തൃശൂർ - കോഴിക്കോട് റൂട്ടിലെ അടക്കം പെർമിറ്റ് റദ്ദാക്കാൻ ബസ്സുകൾക്ക് നോട്ടിസ് നൽകി ആർ ടി ഒ 


തൃശൂർ∙ വെള്ളിയാഴ്ചയും പതിവു തെറ്റിയില്ല. ഒരു വഴിക്കിറങ്ങിയാൽ ഒന്നും ഉറപ്പിലാത്ത സ്ഥിതിയിലേക്കു ജനങ്ങളെ വലച്ച് വീണ്ടും സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. ഇന്നലെ പണിമുടക്ക് വടക്കാഞ്ചേരി– ദേശമംഗലം–വരവൂർ റൂട്ടിൽ. വലഞ്ഞത് വിദ്യാർഥികൾ അടക്കം നൂറുകണക്കിനു യാത്രക്കാർ.


കോഴിക്കോട് റൂട്ടിൽ നടക്കുന്ന ബസ് സമരം തുടരുന്നതിനിടെ ആയിരുന്നു ദേശമംഗലത്തും മിന്നൽ സമരം. ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂർ റൂട്ടിൽ 29നും മൂന്നിനുമായി രണ്ടുതവണ മിന്നൽ പണിമുടക്കുണ്ടായി. ബുധനാഴ്ച ശക്തൻ സ്റ്റാൻഡിലും മിന്നൽ പണിമുടക്കുണ്ടായിരുന്നു.


പെർമിറ്റ് റദ്ദാക്കാൻ നോട്ടിസ് നൽകി


തൃശൂർ∙ കോഴിക്കോട് റൂട്ടിൽ മിന്നൽ പണിമുടക്ക് നടത്തിയ ബസുകൾക്കു പെർമിറ്റ് റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടിസ് തൃശൂർ ആർടിഒ നൽകി. തൃശൂർ ആർടി ഓഫിസിനു കീഴിലുള്ള 9 ബസുകളാണ് കോഴിക്കോട് റൂട്ടിൽ നടന്ന സമരത്തിൽ പങ്കെടുത്തത്.


ഏഴുദിവസത്തിനുള്ളിൽ മറുപടി നൽകണം. കലക്ടറുടെ നിർദേശപ്രകാരം ശക്തമായ നടപടി സ്വീകരിക്കാനാണു തീരുമാനം. മിന്നൽപണിമുടക്കിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിർദേശം നിലനിൽക്കുന്നുണ്ടെന്ന് ആർടിഒ വ്യക്തമാക്കി.


വടക്കാഞ്ചേരി - വരവൂർ റൂട്ടിൽ പണിമുടക്ക് പിൻവലിച്ചു


വരവൂർ∙ വടക്കാഞ്ചേരി - വരവൂർ റൂട്ടിലെ സ്വകാര്യ ബസ് തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തി; ജനം വലഞ്ഞു. വിദ്യാർഥിക്ക് ബസ് കൺസഷൻ നൽകുന്നതിനെ ചാെല്ലിയുണ്ടായ തർക്കവും തുടർന്നു കണ്ടക്ടറെ കയ്യേറ്റം ചെയ്തെന്ന പരാതിയുമാണു കാരണം. സഫ്ന ബസ് കണ്ടക്ടർ വരവൂർ കുമരപ്പനെല്ലൂർ മാമ്പ്ര സുജിത്ത് (30) വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി.


രാത്രി 3 പേർക്കെതിരെ കേസെടുത്തോടെ ബസ് തൊഴിലാളികൾ പണിമുടക്ക് പിൻവലിച്ചതായി അറിയിച്ചു. വ്യാഴാഴ്ച വൈകിട്ട് ബസിൽ കയറിയ വിദ്യാർഥി കൺസഷൻ നിരക്ക് നൽകിയപ്പോൾ കൺസഷൻ കാർഡോ പഠിക്കുന്ന സ്ഥാപനത്തിലെ ഐഡി കർഡോ  ആവശ്യപ്പെട്ടെങ്കിലും ഉണ്ടായിരുന്നില്ലെന്നു പറയുന്നു. ഇന്നലെ രാവിലെ ഇതേ വിദ്യാർഥി വീണ്ടും ബസിൽ കയറിയപ്പോഴും കൺസഷൻ കാർഡോ ഐഡി കാർഡോ കൊണ്ടുവന്നില്ല. ഇതേച്ചൊല്ലി തർക്കമുണ്ടാകുകയും ബസ് വരവൂർ വളവ് സ്റ്റോപ്പിൽ നിർത്തിയിടുകയും ചെയ്തു.


ഇതിനിടെ വിദ്യാർഥിയുടെ ബന്ധുക്കളെന്നു പറയുന്ന ചിലർ എത്തി കണ്ടക്ടറെ കയ്യേറ്റം ചെയ്തെന്നു പറയുന്നു. ഇതോടെ ഇൗ റൂട്ടിലെ മറ്റു  ബസുകള്‍ റോഡില്‍ നിര്‍ത്തിയിട്ട് പണിമുടക്കി. വരവൂർ പ‍ഞ്ചായത്ത് ഓഫിസ് മുതൽ വളവ് സ്റ്റോപ്പ് വരെ നിർത്തിയിട്ട ബസുകൾ പൊലീസ് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മെയിന്‍ റോഡില്‍ നിന്ന് മാറ്റി. കണ്ടക്ടറുടെ പരാതിയെതുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.