25 April 2024 Thursday

ബ്രേക്കപ്പുകളില്‍ ഉള്ളുലഞ്ഞു പോകല്ലേ;ചേര്‍ത്തുപിടിയ്ക്കലായി സാറ്റര്‍ഡേ നൈറ്റ്

ckmnews

ബ്രേക്കപ്പുകളില്‍ ഉള്ളുലഞ്ഞു പോകല്ലേ;ചേര്‍ത്തുപിടിയ്ക്കലായി സാറ്റര്‍ഡേ നൈറ്റ് 


കൂട്ടുകാരോടൊപ്പം പ്ലാനിട്ട് നടക്കാതെ പോയ ഒരുപാട് സാറ്റർഡേ നൈറ്റുകൾ നമുക്കുക്കെല്ലാവർക്കും കാണും .ജീവിതത്തിരക്കിനിടയിൽ നമുക്ക് വേണ്ടി ജീവിക്കാൻ മറന്നുപോകുമ്പോൾ നമ്മുടെ സാറ്റർഡേ നൈറ്റുകളും മാറ്റിവെക്കേണ്ടി വരും. അതുപോലെയാണ് സ്റ്റാൻലിയും തന്റെ കൂട്ടുകാർക്കൊപ്പം ഒരു സാറ്റർഡേ പ്ലാൻ ചെയ്യുന്നത്. സന്തോഷവാനെന്ന് നമ്മൾ കരുന്നവരൊക്കെ ശരിക്കും സന്തോഷമനുഭവിക്കുന്നവരാണോ?ജീവിതത്തിൽ സക്സസായെന്ന് പുറമേ മേനി നടക്കുമ്പോഴും നമ്മുടെ ഉള്ളടകങ്ങൾ എത്ര കലുഷിതമാണ്. കൂട്ടുകൂടലിന്റ സമ്പന്നതയിൽപ്പോലും ആൾക്കൂട്ടങ്ങളിൽ ഒറ്റപ്പെട്ടുപോകുന്നവർ ഒരുപാടുണ്ട്. അങ്ങനെയൊരാളായാണ് നിവിൻ പോളിയുടെ സ്റ്റാൻലിയെന്ന കഥാപാത്രം നമ്മുക്ക് മുന്നിലെത്തുന്നത്.


കിറുക്കനും കൂട്ടുകാരുമെന്ന ടാഗ് ലൈനോടെയാണ് നിവിൻ പോളി-റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ടിൽ പിറന്ന സാറ്റർഡേ നൈറ്റ് എന്ന സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. എന്നാൽ കിറുക്കന്റെയും കൂട്ടുകാരുടേയും കേവലം തമാശപ്പടമായി സിനിമയെ കണ്ടിരിക്കാനാവില്ല. സ്റ്റാൻലി, അജിത്ത്, ജസ്റ്റിൻ, സുനിൽ എന്നീ നാലു കൂട്ടുകാരുടെ സൗഹൃദത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. കൂട്ടുകാരെപ്പിരിയേണ്ടി വരുമെന്നോർത്ത് സൈനിക് സ്കൂളിലെ അഡ്മിഷൻ വേണ്ടെന്നു വെച്ചവനാണ് സ്റ്റാൻലി. കൂട്ടുകാരുടെ ചിരിയും നോവിലും അവനെത്തന്നെ കണ്ടെത്തിയ സ്റ്റാൻലി, സ്ഥിരം പിണക്കക്കാരായ ജസ്റ്റിനും അജിത്തും ഇവർക്കിടയിൽ എല്ലാവരേയും ചേർന്ന് പിടിച്ച പൂച്ച സുനിലും അവരുടെ വെക്കേഷൻ പ്ലാനിങുമാണ് സിനിമയുടെ രസച്ചരട്.


വട്ടനെന്നും പൊട്ടനെന്നും പരിഹസിച്ച് മാനസികാരോഗ്യപ്രശ്നങ്ങളെ പരിഹാസച്ചിരിയായി കണ്ടു പഠിച്ച മലയാളി ശീലങ്ങളെ തിരുത്തിയെഴുതുകയാണ് നവീൻ ഭാസ്ക്കറിന്റെ കെട്ടുറുപ്പുള്ള തിരക്കഥ. മലയാളി പ്രേക്ഷകരധികം കണ്ടു ശീലിക്കാത്ത പ്രമേയത്തെ ഒരു ഫ്രണ്ട്ഷിപ്പ് സ്റ്റോറിയിലേയ്ക്ക് സമന്വയിക്കാൻ റോഷൻ ആൻഡ്രൂസ് എന്ന സംവിധായകനു കഴിഞ്ഞിട്ടുണ്ട്. പ്രണയത്തിലെ ബ്രേക്കപ്പുകൾപോലെ തീവ്രമാണ് 'ഫ്രണ്ടഷിപ്പ് ബ്രേക്കപ്പുകളെന്നും സിനിമ ഉറക്കെ വിളിച്ചുപറയുന്നു. സിനിമയിലുടെ കാതലായി തന്നെ എടുത്തുപറയാവുന്നതാണ് ജേക്ക്സ് ബിജോയിയുടെ സംഗീതം.



നിവിൻ പോളിയും അജു വർഗീസും സൈജു കുറുപ്പും സിജു വിൽസനും ഗ്രേസ് ആന്റണിയും സാനിയ ഇയ്യപ്പനുമടങ്ങുന്ന വലിയ താരനിര തങ്ങളുടെ കഥാപാത്രങ്ങളെ കൈയ്യടക്കത്തോടെ സ്ക്രീനിലെത്തിച്ചിട്ടുണ്ട്. പൂച്ച സുനിലെന്ന കഥാപാത്രമായി അജു വർഗീസിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. നൈസർഗികമായ അഭിനയപാടവുമായി ഗ്രേസ് ആന്റണിയും കൈയ്യടി നേടി. സൗഹൃദത്തിന്റെ നന്മയും ആഴവുമെല്ലാം സിനിമയെ ഒരു കോളേജ്കാലത്തെ ഓർമ്മപ്പെടുത്തുമെങ്കിലും അന്നൊന്നും നമ്മൾ കാണാതെ പോയ സൂക്ഷ്മമായ പലതും സിനിമ നമ്മളിൽ തിരിച്ചറിവുണ്ടാക്കുന്നു. എത്ര കൂട്ടുകാരുണ്ടായിട്ടും നമ്മളെയറിയുന്ന ഒരാൾ പോലും കൂടെയില്ലാതെ വരുന്ന അവസ്ഥകളെ നമ്മളിൽ പലരും അഭിമുഖീകരിച്ചിട്ടുണ്ടാകും. അതുപോലെ തന്നെ അവളോ/ അവനോ ഉണ്ടായതുകൊണ്ടുമാത്രം നോവിന്റെ ഉപ്പുകടലുകൾ നീന്തിക്കടന്നവരും നമുക്കുചുറ്റുമുണ്ടാകാം. അതെല്ലാം സാറ്റർഡേ നൈറ്റിലും നമുക്ക് കാണാം.


പൊതുമധ്യത്തിൽ അപമാനിക്കപ്പെട്ട കൂട്ടുകാരന്റെ വേദനയെ തന്റെ ദു:ഖമായ ഹൃദയത്തിലേറ്റിയ സ്റ്റാൻലി പ്രേക്ഷകരുടെ കണ്ണിൽ നോവായി നിറയും. മണലാരണ്യത്തിന്റെ തിളയ്ക്കുന്ന ചൂടിലും സ്നേഹത്തിന്റെ പച്ചത്തുരത്താകുന്ന പൂച്ച സുനിൽ സിനിമ കണ്ടിറിങ്ങിയാലും മനസിലുടക്കി നിൽക്കും.പക്കാ കോമഡി ചിത്രമായി സിനിമാ കാണാനെത്തുന്നവർക്ക് വേറിട്ട അനുഭവമാണ് സാറ്റർഡേ നൈറ്റ് നൽകുന്നത്. കുഞ്ഞുകുഞ്ഞു സന്തോഷങ്ങളിൽ സംതൃപ്തി കണ്ടെത്താനും പ്രത്യക്ഷത്തിൽ ജീവിക്കാനും പഠിപ്പിക്കുന്ന 'മൈൻഡ്ഫുൾനെസ്', മനസിനെ തകർന്നുകളഞ്ഞ വേദന പ്രായത്തെ മരവിച്ചു കളയിപ്പിക്കുന്ന എയ്ജ് റിഗ്രഷൻ, ഒറ്റപ്പെടലിന്റെ ആഘാതത്തെ മറികടക്കാൻ കൂട്ടുപിടിക്കുന്ന ലഹരിയെന്ന നീരാളിപ്പിടുത്തം എന്നീ വിഷയങ്ങളെല്ലാം തന്നെ ചിത്രം ഗൗരവത്തോടെ ചർച്ച ചെയ്യുന്നുണ്ട്.



സുജിത് സുധാകരനൊരുക്കിയ വസ്ത്രാലങ്കാരവും കഥാപാത്രങ്ങളെപ്പോലെ ശ്രദ്ധേയമായി. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് സിനിമയുടെ നിർമ്മാണം. അസ്ലം പുരയിലാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ജീവിതത്തിരക്കിനിടയിൽ മാറ്റി വെച്ച ഒരു യാത്ര പോകാനിറങ്ങാൻ മനസുറപ്പിച്ചാകും ഓരോ പ്രേക്ഷകനും സിനിമ കണ്ടിറങ്ങുക.