29 March 2024 Friday

ഖത്തറില്‍ 144 വ്യാജ ഫിഫ ലോകകപ്പ് ട്രോഫികള്‍ പിടിച്ചെടുത്തു

ckmnews

ദോഹ: ഖത്തറില്‍ 144 വ്യാജ ഫിഫ ലോകകപ്പ് ട്രോഫികള്‍ പിടിച്ചെടുത്തു. രാജ്യത്തെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡയറക്ടറേറ്റിന് കീഴിലുള്ള ഇക്കണോമിക് ആന്റ് സൈബര്‍ ക്രൈംസ് കോംബാറ്റിങ് ഡിപ്പാര്‍ട്ട്മെന്റും ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനുള്ള കമ്മിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.


ലോകകപ്പ് ട്രോഫിയുടെ വ്യാജ പതിപ്പുകള്‍ വില്‍ക്കുന്ന ഒരു വെബ്‍സൈറ്റിനെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. 144 വ്യാജ ട്രോഫികള്‍ പിടിച്ചെടുത്തു. നിയമംഘകര്‍ക്കെതിരെ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഖത്തറില്‍ ലോകകപ്പ് ഫുട്‍ബോള്‍ മത്സരങ്ങളുടെ നടത്തിപ്പിനായി രൂപംകൊടുത്ത നിയമങ്ങളുടെ ലംഘനം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 


ലോകകപ്പ് സംഘാടനത്തിനുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ലെഗസി ആന്റ് ഡെലിവറിയും ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും ഫിഫയുടെ സഹകരണത്തോടെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് പൊതുജനങ്ങളോടും അധികൃതര്‍ ആവശ്യപ്പെട്ടു.