29 March 2024 Friday

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത, ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴ സാധ്യത.  9 ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. തുലാവർഷത്തിന്റെ ഭാഗമായുള്ള ഇടിയോട് കൂടിയ മഴയാണ് കിട്ടുന്നത്. തമിഴ്നാട് തീരത്തായുള്ള ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാണ്. അടുത്ത ദിവസങ്ങളിലും പരക്കെ മഴ തുടരും. 


കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ ഇന്നലെ കനത്ത മഴ പെയ്തിരുന്നു.  മുക്കത്ത് ഇടിമിന്നലേറ്റ് വീടിന് കേടുപാട് പറ്റി. . വീട്ടു മുറ്റത്തു കെട്ടിയിട്ട ആട്ടിന്‍ കുട്ടി മിന്നലേറ്റ്  ചത്തു. ഉച്ചക്ക് ശേഷമാണ് മലയോര മേഖലയില്‍ മഴ കനത്തത്. കൂരാച്ചുണ്ട്, ചക്കിട്ടപാറ, തിരുവമ്പാടി, കുറ്റ്യാടി    മേഖലകളില്‍ ശക്തമായ  മഴയാണ് പെയ്തത്. ഇടിമിന്നലില്‍ മുക്കത്ത് കനത്ത നാശ നഷ്ടമുണ്ടായി. മിന്നലേറ്റ്  അഗസ്ത്യന്‍മൂഴി തടപ്പറമ്പ് പ്രകാശന്‍റെ വീട്ടിലെ വയറിംഗ് കത്തി നശിച്ചു. വീട്ടുമുറ്റത്ത് കെട്ടിയിട്ട ആട്ടിന്‍ കുട്ടി ചത്തു. വീട്ടില്‍ ആളില്ലാത്തതു കൊണ്ടാണ് വലിയ അപകടമൊഴിവായത്.