28 March 2024 Thursday

ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്ക് : കോടതി എന്ന പേര് ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി.

ckmnews



കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ കോടതി വിളക്കുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ ഓഫീസർമാർക്ക് നിർദ്ദേശവുമായി ഹൈക്കോടതി. പരിപാടിയ്‌ക്ക് മുൻകൈ എടുക്കരുതെന്നാണ് തൃശ്ശൂർ ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാരോട് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ചാവക്കാട് മുൻസിഫ് കോടതി ബാർ അസോസിയേഷൻ അംഗങ്ങൾ ഉൾപ്പെടുന്ന സംഘാടക സമിതിയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ‘കോടതി വിളക്ക്’ നടത്തുന്നത്.



ബാർ അസോസിയേഷൻ അംഗങ്ങൾ ഒറ്റയ്‌ക്കോ കൂട്ടായോ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ കോടതി എതിർപ്പ് പ്രകടിപ്പിച്ചില്ല. എന്നാൽ ‘കോടതി വിളക്ക്’ എന്ന പേര് ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ഇത് കോടതികൾ മതപരമായ പരിപാടിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രതീതിയുണ്ടാക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ഇത് സംബന്ധിച്ച് ഹൈക്കോടതി ജോയിന്റ് രജിസ്ട്രാർ ഹേമലത കത്തയച്ചു. കോടതി വിളക്കിൽ ജഡ്ജിമാർ പങ്കെടുക്കാൻ നിർബന്ധമില്ലെന്നാണ് രജിസ്ട്രാറുടെ കത്ത്.