19 April 2024 Friday

പുള്ളാവൂര്‍ പുഴ നിറഞ്ഞൊഴുകി മെസി, 'തല'യെടുപ്പോടെ അര്‍ജന്‍റീന ആരാധകര്‍

ckmnews

കോഴിക്കോട്: ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇങ്ങ് കേരളത്തില്‍ ബ്രസീല്‍ ആരാധകര്‍ക്കെതിരെ ആദ്യ ഗോളടിച്ച് ലീഡെടുത്തിരിക്കുകയാണ് അര്‍ജന്‍റീന ആരാധകര്‍. കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ അര്‍ജന്‍റീന ആരാധകര്‍ സ്ഥാപിച്ച ലിയോണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ടാണ് രാജ്യാന്തര മാധ്യമങ്ങളില്‍വരെ വാര്‍ത്തയായത്. അര്‍ജന്‍റീന ടീമിന്‍റെ ഔദ്യോഗിക ഫേസ്ബുക് പേജും ചിത്രം പങ്കുവെച്ച് കേരളത്തിലെ അര്‍ജന്‍റീന ആരാധകരുടെ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.


കോഴിക്കോട് കൊടുവള്ളിക്ക് അടുത്തുള്ള പുള്ളാവൂരിലെ ചെറുപുഴയിലെ കുറുങ്ങാട്ടു കടവില്‍ അര്‍ജന്‍റീന ആരാധകര്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിന്‍റെ വീഡിയോയയും നേരത്തെ വൈറലായിരുന്നു. പുള്ളാവൂര്‍ പുഴയില്‍ മെസിയുടെ 30 അടി ഉയരമുള്ള കൂറ്റന്‍ കട്ടൗട്ടാണ് അര്‍ജന്‍റീന ആരാധകര്‍ സ്ഥാപിച്ചത്. അര്‍ജന്‍റീനയുടെ പ്രശസ്തമായ വെള്ളയും നീലയും നിറങ്ങളുള്ള കുപ്പായത്തില്‍ പത്താം നമ്പറില്‍ തലയെടുപ്പോടെ നില്‍ക്കുന്ന മെസിയെ ഏറെ ദൂരെ നിന്നുപോലും കാണാനാവും.


പുള്ളാവൂരിലെ അര്‍ജന്‍റീന ഫാന്‍സ് അസോസിയേഷനാണ് മെസിയുടെ കൂറ്റന്‍ കട്ടൗട്ട് പുഴക്ക് നടുവിലെ ചെറിയ തുരുത്തില്‍ ഉയര്‍ത്തിയത്. ലോകകപ്പിനായുള്ള 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിടാനാണ് മെസിയും സംഘവും ഇത്തവണ ഖത്തറില്‍ ഇറങ്ങുന്നത്. നാല് ടീമുകൾ വീതമുള്ള 8 ഗ്രൂപ്പുകളായാണ് മത്സരങ്ങൾ. ഓരോ ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം നോക്കൗട്ടിലേക്ക് പ്രവേശിക്കും.