28 March 2024 Thursday

സ്വർണക്കടത്തുകാരനും തട്ടിയെടുക്കാൻ എത്തിയവരും അടക്കം 5 പേർ പൊലീസ് പിടിയിൽ

ckmnews

സ്വർണക്കടത്തുകാരനും തട്ടിയെടുക്കാൻ എത്തിയവരും അടക്കം 5 പേർ പൊലീസ് പിടിയിൽ


കരിപ്പൂർ ∙ സ്വർണവുമായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാരനും യാത്രക്കാരന്റെ അറിവോടെ സ്വർണം തട്ടാനെത്തിയ സംഘാംഗങ്ങളും ഉൾപ്പെടെ 5 പേർ പൊലീസ് പിടിയിൽ. ദുബായിൽനിന്നെത്തിയ കണ്ണൂർ തളിപ്പറമ്പ് സ്വദേശി നടുവിൽ എ.മുഹമ്മദ് അനീസ് (19), സ്വർണം തട്ടാനെത്തിയ കണ്ണൂർ ധർമടം സ്വദേശി കെ.വി.നിയാസ് (26), കണ്ണൂർ നടുവിലിലെ എം.വി.ഗിരീഷ് (31), തലശ്ശേരി കതിരൂരിലെ കെ.പ്രസാദ് (43), തലശ്ശേരി സ്വദേശി കിരൺ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.


അനീസ് മറ്റൊരാൾക്കുവേണ്ടി കൊണ്ടുവന്ന സ്വർണം തട്ടിയെടുക്കാനാണ് മറ്റു നാലുപേർ അനീസിന്റെ അറിവോടെ വിമാനത്താവളത്തിൽ എത്തിയതെന്ന്  സിഐ പി.ഷിബു പറഞ്ഞു. 54 ഗ്രാം സ്വർണവും ഒന്നര ലക്ഷം രൂപ വിലയുള്ള രണ്ടു ഫോണുകളും പൊലീസ് അനീസിൽനിന്നു കണ്ടെടുത്തു. 



സ്വർണം കൊടുത്തയച്ചവരുടെ ആളുകൾക്കു കൈമാറുന്നതിനു മുൻപേ തട്ടിയെടുക്കാനായിരുന്നു പദ്ധതി. ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കരിപ്പൂർ പൊലീസ് നടത്തിയ നീക്കത്തിലൂടെ അഞ്ചു പേരെയും വിമാനത്താവള കവാടത്തിനു സമീപം പിടികൂടുകയായിരുന്നു. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ 5 പേരെയും റിമാൻഡ് ചെയ്തു.