20 April 2024 Saturday

ഡ്രൈവിങ് പഠനവും ടെസ്റ്റുമില്ല ഡ്രൈവിങ് ലൈസന്‍സിന് കാത്ത് ആറ് ലക്ഷത്തോളം പേര്‍

ckmnews

ഡ്രൈവിങ് പഠനവും ടെസ്റ്റുമില്ല; ഡ്രൈവിങ്ങ് ലൈസന്‍സിന് കാത്ത് ആറുലക്ഷത്തോളം പേര്‍



സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ നിലച്ചതോടെ ലൈസന്‍സിന് കാത്തിരിക്കുന്നത് ആറുലക്ഷത്തോളം പേര്‍. കോവിഡ് നിയന്ത്രണം കാരണം അഞ്ചരമാസമായി ഡ്രൈവിങ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല. മാര്‍ച്ചിനുമുന്‍പെടുത്ത ലേണേഴ്‌സ് ലൈസന്‍സുകളുടെ കാലാവധി സെപ്റ്റംബര്‍ 30 വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. ഇതുകഴിഞ്ഞാല്‍ 150 രൂപ ഫീസടച്ച് ലേണേഴ്‌സ് പുതുക്കേണ്ടിവരും.


ജൂലായ് 29ന് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ അണ്‍ ലോക്ക്മൂന്ന് ഉത്തരവില്‍ പരിശീലനകേന്ദ്രങ്ങളെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കിയിരുന്നു. തമിഴ്‌നാട് ഉള്‍പ്പെടെ മറ്റു ചില സംസ്ഥാനങ്ങളില്‍ ഡ്രൈവിങ് പഠനവും ടെസ്റ്റും പുനരാരംഭിച്ചു. എന്നാല്‍ കേരളത്തില്‍ അനുമതി നല്‍കിയിട്ടില്ല. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും നിവേദനങ്ങള്‍ നല്‍കി കാത്തിരിക്കുകയാണവര്‍.നശിക്കുന്നത് 25000 വാഹനങ്ങള്‍


ഡ്രൈവിങ് പഠനം മുടങ്ങിയതോടെ സംസ്ഥാനത്തൊട്ടാകെ ഇരുപത്തി അയ്യായിരത്തിലധികം പരിശീലന വാഹനങ്ങള്‍ നശിക്കുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെ അനുമതിയോടെ അധികം ക്ലച്ചും ബ്രേക്കും ഘടിപ്പിച്ച വാഹനങ്ങള്‍ വിറ്റ് കൈയൊഴിയാനും കഴിയില്ല. സംസ്ഥാനത്ത് നാലായിരത്തിയഞ്ഞൂറോളം ഡ്രൈവിങ് സ്‌കൂളുകളുണ്ട്. ജില്ലകളില്‍ 150 മുതല്‍ 225 വരെയും. 350 ഡ്രൈവിങ് സ്‌കൂളുകളുള്ള മലപ്പുറമാണ് മുന്നില്‍. ഡ്രൈവിങ് പരിശീലനം പുനരാരംഭിക്കുമ്പോള്‍ വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് വലിയതുക വേണ്ടിവരും.


ദിവസവും നടക്കേണ്ടത് 4500 ടെസ്റ്റുകള്‍


സംസ്ഥാനത്ത് ആര്‍.ടി.ഓഫീസുകളുടെയും ജോയിന്റ് ആര്‍.ടി.ഓഫീസുകളുടെയും പരിധിയില്‍ ഒരുദിവസം നടന്നിരുന്നത് നാലായിരത്തി അഞ്ഞൂറോളം ഡ്രൈവിങ് ടെസ്റ്റ്. ബുധനാഴ്ച ഒഴികെ എല്ലായിടവും ടെസ്റ്റുകള്‍ നടന്നിരുന്നു. നിലവില്‍ ലേണേഴ്‌സുള്ള ലക്ഷക്കണക്കിനാളുകളുടെ ഡ്രൈവിങ് ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കുക മോട്ടോര്‍വാഹനവകുപ്പിന് ഭഗീരഥയത്‌നമാകും.


ലേണേഴ്‌സ് ഓണ്‍ലൈനില്‍


ലേണേഴ്‌സ് ടെസ്റ്റ് ഓണ്‍ലൈനില്‍ നടക്കുന്നുണ്ട്. കഴിഞ്ഞ ഒരു മാസംമാത്രം 2,90,644 പേരാണ് ഓണ്‍ലൈനിലൂടെ ലേണേഴ്‌സ് ടെസ്റ്റിന് അപേക്ഷിച്ചത്.


ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് സഹായം നല്‍കണം


വാഹനങ്ങളുടെ ടാക്‌സ്, ഇന്‍ഷുറന്‍സ് എന്നിവയൊന്നും അടയ്ക്കാന്‍ കഴിയില്ല. കോട്ടയത്ത് ഡ്രൈവിങ് സ്‌കൂള്‍ ഉടമയുടെ ആത്മഹത്യ മതിയാകും ഈ മേഖലയിലെ പ്രതിസന്ധിയുടെ ആഴം അറിയാന്‍. അടിയന്തര തീരുമാനങ്ങളും സാമ്പത്തികസഹായവും ഉണ്ടാകണം.


എം.എസ്.പ്രസാദ് (ഓള്‍ കേരള മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി)


കേരളത്തില്‍ മാത്രം അനുമതിയില്ല


ഡ്രൈവിങ് സ്‌കൂളുകള്‍ തുറക്കാന്‍ കേരളത്തില്‍ മാത്രം അനുമതി തരുന്നില്ല. ലേണേഴ്‌സ് ഫീസിനൊപ്പം ഡ്രൈവിങ് ടെസ്റ്റിനുള്ള ഫീസ് കൂടിയാണ് സര്‍ക്കാര്‍ വാങ്ങുന്നത്. എന്നാല്‍ ടെസ്റ്റ് നടത്തുന്നില്ല. ആറുമാസമായി ഡ്രൈവിങ് സ്‌കൂള്‍ ജീവനക്കാരുടെ കുടുംബം പട്ടിണിയിലാണ്.


എം.ജി.പ്രദീപ്കുമാര്‍ (സംസ്ഥാന സെക്രട്ടറി, ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍)


പരിഹാരമുണ്ടാകും


ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. ലേണേഴ്‌സ് ടെസ്റ്റ് നേടിയവരുടെ കാലാവധി കഴിയുന്നത് സംബന്ധിച്ച പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നത് മോട്ടോര്‍ വാഹനവകുപ്പ് ആലോചിക്കുന്നുണ്ട്.


രാജീവ് പുത്തലത്ത്, ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍