25 April 2024 Thursday

കോയമ്പത്തൂര്‍ സ്ഫോടനം: എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

ckmnews

കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ എന്‍ഐഎ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. തമിഴ്നാട് സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയിരുന്നു. പ്രതികളിൽ ഒരാളുടെ ഐ എസ് ബന്ധവും ചാവേർ ആക്രമണ സംശയവും ബലപ്പെടുത്തുന്ന തെളിവുകൾ പൊലീസിന് കിട്ടിയ സാഹചര്യത്തിലാണ് ശുപാർശ നല്‍കിയത്. എന്‍ഐഎ സംഘം ഇന്നലെ തന്നെ കോയമ്പത്തൂരെത്തി പ്രാഥമിക വിവരശേഖരണം തുടങ്ങിയിരുന്നു. അറസ്റ്റിലായ അഞ്ച് പ്രതികളെയും എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.


അതേസമയം കോയമ്പത്തൂർ ഉക്കടം സ്ഫോടനത്തിൽ മരിച്ച സൂത്രധാരൻ ജമേഷ് മുബീന്‍റെ ബന്ധു അഫ്‌സ്ഖർ ഖാനെ അറസ്റ്റ് ചെയ്തു. ഓൺലൈനായി സ്ഫോടനക്കൂട്ടുകൾ ഓർഡർ ചെയ്തെന്ന് സംശയിക്കുന്ന ലാപ്ടോപ് പൊലിസ് അഫ്സ്ഖർ ഖാന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. ജമേഷ മുബീന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത എഴുപത്തിയാറര കിലോ സ്ഫോടകവസ്തു ചേരുവ ഓൺലൈനായി വാങ്ങി എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇവ പലപ്പോഴായി വാങ്ങി സൂക്ഷിച്ചു എന്നാണ് പൊലീസ് കണ്ടെത്തൽ. വിശദവിവരം അറിയാൻ, ഇ കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവയ്ക്ക് പൊലീസ് കത്തെഴുതി.