29 March 2024 Friday

പൂക്കരത്തറ ദാറുൽഹിദായ ഹയർസെക്കന്ററി സ്‌കൂളിൽ കേരളകൗമുദി ലഹരി വിരുദ്ധ ക്യാമ്പ് നടത്തി

ckmnews

എടപ്പാൾ: ലഹരി ഉപയോഗത്തിന്റെ അനന്തര ഫലം നമ്മൾ ചിന്തിക്കുന്നതിനേക്കാൾ എത്രയോ വലുതാണെന്ന് പൊന്നാനി റേഞ്ച് എക്‌സ്സൈസ് ഇൻസ്‌പെക്ടർ ഇ.ജിനീഷ് പറഞ്ഞു. എടപ്പാൾ പൂക്കരത്തറ ദാറുൽഹിദായ ഹയർസെക്കന്ററി സ്‌കൂളിൽ കേരളകൗമുദി നടത്തിയ ലഹരി വിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സ്വസ്ഥ ജീവിതം തകർക്കുന്ന ഗുരുതരമായ സാമൂഹ്യപ്രശ്നമായി ലഹരി മാറിയിട്ടുണ്ട്. ഇത്തരം കെണികളിൽ വീഴില്ലെന്ന ഉറച്ച തീരുമാനം ഓരോരുത്തരും സ്വയമെടുക്കുന്നതിനൊപ്പം ലഹരി മാഫിയയ്ക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കണം.ഇതല്ലെങ്കിൽ പുതുതലമുറ ലഹരിയുടെ ഇരകളാവും.ലഹരിക്കെതിരെ ബോധവത്ക്കരണം നടത്തുന്ന കേരളകൗമുദിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.സ്‌കൂൾ പ്രിൻസിപ്പൽ കെ.എം.ബെൻഷ അദ്ധ്യക്ഷത വഹിച്ചു.വിവിധ രംഗങ്ങളിലെ മികവിന് കേരളകൗമുദി നൽകുന്ന ഉപഹാരം എടപ്പാൾ മേഖലയിലെ സാമൂഹ്യപ്രവർത്തകൻ പി.ഹിഫ്‌സുറഹ്മാന് പൊന്നാനി റേഞ്ച് എക്‌സ്സൈസ് ഇൻസ്പെക്ടർ ഇ.ജിനീഷ് സമ്മാനിച്ചു.എക്‌സൈസ് വിമുക്തി കോ-ഓർഡിനേറ്റർ എസ്. ശ്രീജിത്ത് ക്ലാസെടുത്തു.കേരളകൗമുദി മലപ്പുറം യൂണിറ്റ് ചീഫ് എ.ടി.നാരായണൻ,അഡ്വർടൈസിംഗ് മാനേജർ സുമോദ് കാരാട്ടുതൊടി,സ്കൂൾ ഹെഡ്‌മാസ്റ്റർ ഹമീദ്,പി.ടി.എ പ്രസിഡന്റ് അബ്ദുൽ ഖാദർ,​ സ്റ്റാഫ് സെക്രട്ടറി ഒ.ബഷീർ,കേരളകൗമുദി സീനിയർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സുബ്രഹ്മണ്യൻ,​ എടപ്പാൾ ലേഖകൻ കണ്ണൻ പന്താവൂർ,​ കുറ്റിപ്പുറം ലേഖകൻ കാർത്തിക് കൃഷ്ണ എന്നിവർ സംസാരിച്ചു.





സൗഹൃദത്തിന്റെ പേരിലായാലും ലഹരി ആര് നീട്ടിയാൽ അതിൽ വീഴരുതെന്നും കൂടെയുള്ളവരിൽ തെറ്റുകൾ കണ്ടാൽ അറിയിക്കാൻ മടിക്കരുതെന്നും എക്‌സൈസ് വിമുക്തി കോ-ഓർഡിനേറ്റർ എസ്.ശ്രീജിത്ത് പറഞ്ഞു. ലഹരിയിലേക്ക് വീഴ്ത്താൻ നാടുനീളെ കണ്ണികളുണ്ട്. ഇതിൽ വീഴാതെ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കണം. ലഹരി മാഫിയ കുട്ടികളെ പ്രത്യേകം ലക്ഷ്യമിട്ടാണ് പ്രവർത്തനം നടത്തുന്നത്. ഇത്തരം കെണികളിലൊന്നും വീഴാതെ നാടിനും വീടിനും മാതൃകയായി യുവതലമുറ മാറണമെന്നും അദ്ദേഹം പറഞ്ഞു.