20 April 2024 Saturday

പൊന്നാനിയുടെ അഭിമാനമായി സജി;നീന്തലിൽ ഇരട്ട സ്വർണം നേടി ഇരുകാലുകളും തളർന്ന സജി

ckmnews


പൊന്നാനി:ഇരുകാലുകൾക്കും ചലനശേഷിയില്ല. എന്നാൽ ഉറച്ച മനസ്സുണ്ട്.കൂടെ കഠിന പരിശ്രമവും.കഴിഞ്ഞദിവസം തൃശ്ശൂരിൽ നടന്ന കേരള സ്റ്റേറ്റ് പാരാ സ്വിമ്മിങ് (നീന്തൽ) മത്സരത്തിൽ രണ്ടു സ്വർണമെഡലുകൾ നേടാൻ സജിക്ക് കഴിഞ്ഞത് ഈ നിശ്ചയദാർഢ്യത്തിന്റെകൂടി പിൻബലത്തിലാണ്.

പോളിയോ വിഭാഗം(എസ് 4) ബ്രസ്റ്റ് സ്ട്രോക്ക്‌ 50, 100 മീറ്റർ രണ്ടിനങ്ങളിലായി നടന്ന നീന്തൽ മത്സരത്തിലാണ് പൊന്നാനി അതളൂർ മാത്തൂർ സ്വദേശി കുഞ്ഞനായിത്തറയിൽ സജി ഇരട്ടസ്വർണം നേടിയത്. തൃശ്ശൂർ ദർശന സർവീസ് സൊസൈറ്റിയുടെ കീഴിൽ പരിശീലനം നേടിയാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തത്. ഈവർഷം ആദ്യം 100 മീറ്റർ വീൽചെയർ റേസിങ്ങിൽ സംസ്ഥാനതല മത്സരത്തിൽ സ്വർണംനേടിയിരുന്നു;ഷോട്ട്‌പുട്ടിൽ വെള്ളിയും.2015-ൽ നടന്ന സംസ്ഥാന ഭാരോദ്വഹനത്തിലും സ്വർണമെഡലും 2017-ൽ വെള്ളിമെഡലും നേടിയിരുന്നു. കേരള വീൽചെയർ ബാസ്‌കറ്റ്ബോൾ ടീമിലെ അംഗം കൂടിയായ സജി അടുത്തമാസം അസമിൽ നടക്കുന്ന ദേശീയ പാരാ സ്വിമ്മിങ് ചാമ്പ്യൻഷിപ്പിനുള്ള പരിശീലനത്തിലാണിപ്പോൾ

കുഞ്ഞനായിത്തറയിൽ സുബ്രഹ്മണ്യന്റെയും അമ്മുവിന്റെയും മകനായ സജിക്ക് നാലാമത്തെ വയസ്സിൽ പൊളിയോ ബാധിച്ചതിനെത്തുടർന്നാണ് കാലുകളുടെ ചലനശേഷി നഷ്‌ടപ്പെട്ടത്.കൂട്ടുകാരുടെയും മറ്റും സഹായത്തോടെ സ്‌കൂളിലെത്തി പ്ലസ്‌ടു വിദ്യാഭ്യാസം പൂർത്തിയാക്കി.ഊന്നുവടിയുടെ സഹായത്തോടെ നടന്ന് ഇരുപതാമത്തെ വയസ്സിൽ ജിംനേഷ്യത്തിൽ ചേർന്നു.അംഗപരിമിതർക്കായി നടത്തിയ ജില്ലാ ശരീരസൗന്ദര്യ മത്സരത്തിൽ ആറുതവണ ഒന്നാംസ്ഥാനവും രണ്ടുതവണ സംസ്ഥാനമത്സരത്തിൽ രണ്ടാംസ്ഥാനവും നേടിയിട്ടുണ്ട്.പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ ലോട്ടറി വിറ്റുകിട്ടുന്ന തുകകൊണ്ടാണ് സജി മത്സരത്തിൽ പങ്കെടുക്കുന്നത്.