29 March 2024 Friday

നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നത് നവംബര്‍ 30 ലേക്ക് മാറ്റി

ckmnews

തിരുവനന്തപുരം : 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ച നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നത് നവംബര്‍ 30 ലേക്ക് മാറ്റി.  നിയമസഭയിലെ ദൃശ്യങ്ങളടങ്ങിയ ഡിവിഡി ഹാജരാക്കുന്നതിന് പ്രൊസിക്യൂഷൻ ഒരുമാസത്തെ സമയം ആവശ്യപ്പെട്ടു. ഈ ആവശ്യം കോടതി അംഗീകരിച്ച ശേഷമാണ് കേസ് നവംബര്‍ 30 ലേക്ക് മാറ്റിയത്. മന്ത്രി വി ശിവന്‍കുട്ടി, ഇ പി ജയരാജൻ അടക്കം ആറു പ്രതികളെയും കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചിരുന്നു. പ്രതികള്‍ കുറ്റം നിഷേധിക്കുകയും ചെയ്തു. തെളിവുകളും രേഖകളും ദൃശ്യങ്ങളും പ്രതികള്‍ക്ക് കൈമാറാനുള്ള നടപടി പൂര്‍ത്തിയാക്കിയ ശേഷം വിചാരണ തീയതി തീരുമാനിക്കും. 


നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ തുടങ്ങാൻ ഒരു മാസത്തെ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത് പ്രകാരം കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയിരുന്നു. ഇന്ന് കേസ് വീണ്ടും പരിഗണിക്കവെയാണ് ഡിവിഡി ഹാജരാക്കുന്നതിന് പ്രൊസിക്യൂഷൻ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടത്.