29 March 2024 Friday

വാർത്താസമ്മേളനമായി ചിലർ തെറ്റിദ്ധരിച്ചു',ആരെയും വിലക്കിയില്ലെന്ന് ഗവർണ‍ർ

ckmnews

തിരുവനന്തപുരം: മാധ്യമവിലക്കിൽ പുതിയ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഒരു ചാനലുകളേയും വാര്‍ത്താ സമ്മേളനത്തിൽ നിന്ന് വിലക്കിയിട്ടില്ല. അഭിമുഖത്തിന് ഇ മെയിലിലൂടെ സമയം ചോദിച്ച മാധ്യമങ്ങളെ സമയക്കുറവ് കാരണം ഒരുമിച്ച് ക്ഷണിക്കുകയാണ് ചെയ്തത്. ഇതിനെ ചിലര്‍ വാര്‍ത്താസമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്നാണ് ഗവര്‍ണര്‍ ട്വീറ്റിലൂടെ അറിയിച്ചു. തെറ്റായ വാര്‍ത്ത തിരുത്താൻ ആവശ്യപ്പെട്ടിട്ടിട്ടും തയ്യാറാകാത്ത മാധ്യമങ്ങളെയാണ് വിലക്കിയതെന്നായിരുന്നു ഇന്നലെ ഗവര്‍ണറുടെ പ്രതികരണം. ഇത് വിവാദമായതോടെയാണ് ഗവര്‍ണറുടെ വിശദീകരണക്കുറിപ്പ്.


വാർത്താസമ്മേളനത്തിൽ ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയതിനെതിരെ ഇന്നലെ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. കൈരളി, ജയ്ഹിന്ദ്, മീഡിയ വണ്‍, റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകളെയാണ് ഗവര്‍ണര്‍ വിലക്കിയത്. ഗവർണര്‍ വി സി വിവാദം കത്തിനിൽക്കെ രാവിലെ ഗവര്‍ണര്‍ പറഞ്ഞത് പൊതുവായ പ്രതികരണമില്ലെന്നായിരുന്നു. ഉച്ചക്ക് ശേഷം രാജ്ഭവനിൽ വാർത്താ സമ്മേളനം വിളിച്ചപ്പോഴും എല്ലാ മാധ്യമങ്ങൾക്കും പ്രവേശനം അനുവദിച്ചില്ല. പ്രതികരണം മെയിലിലൂടെ ആവശ്യപ്പെട്ടവർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയെന്നായിരുന്നു വിശദീകരണം. വാർത്തകൾ വളച്ചൊടിച്ചത് തിരുത്താൻ പറ‍ഞ്ഞിട്ട് ചെയ്യാത്തവരെയും ഒഴിവാക്കിയെന്നും ഗവർണര്‍ പറഞ്ഞിരുന്നു.