18 April 2024 Thursday

ജീവിതം കൊടുത്ത് പോയത് ജീവന്‍ രക്ഷിക്കാന്‍ വിവാഹദിനത്തില്‍ അഭിലാഷിന് 27 മത് രക്തദാനം

ckmnews

ജീവിതം കൊടുത്ത് പോയത് ജീവന്‍ രക്ഷിക്കാന്‍


വിവാഹദിനത്തില്‍ അഭിലാഷിന് 27 മത് രക്തദാനം


ചങ്ങരംകുളം:ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ട്രോമ കെയർ വളണ്ടിയർ തുടങ്ങി സന്നദ്ധ സേവന രംഗത്ത് സജീവ സാന്നിധ്യമായ ജീവകാരുണ്യ പ്രവർത്തകൻ അഭിലാഷ് കക്കിടിപ്പുറം  ഇന്ന് തന്റെ ജീവിത സഖിയാക്കിയ മേഘയെ താലി ചാർത്തിയശേഷം നേരെ പോയത് എടപ്പാൾ ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിലേക്കാണ്.മറ്റൊരു ജീവന് തുടിപ്പാകാൻ തന്റെ 27ാമത് രക്തദാനം നിർവ്വഹിച്ചതിനു ശേഷമാണ് പ്രിയതമയുടെ കൈപിടിച്ച് സ്വഗൃഹത്തിലേക്ക് പോയത്.എടപ്പാൾ കക്കിടിപ്പുറത്ത് വീട്ടിൽ രാമചന്ദ്രൻ , വത്സല ദമ്പതികളുടെ മകനും കക്കിടിപ്പുറം കെ വി യൂ പി സ്കൂൾ ഓഫീസ് അറ്റന്ററുമാണ്  അഭിലാഷ്. കോവിഡ്- 19 മഹാമാരിയുടെ പാശ്ചാത്തലത്തിൽ വളരെ കുറച്ച് ബന്ധുമിത്രാതികളുടെ സാന്നിദ്ധ്യത്തിൽ തൃശ്ശൂർ, പാമ്പൂർ പ്ലാവിൻകൂട്ടത്തിൽ പി.എസ് കുട്ടന്റെയും ലക്ഷ്മികുട്ടിയുടെയും മകളായ മേഘയെയാണ് അഭിലാഷ്  വധുവാക്കിയത്.സൗഹൃദങ്ങൾക്ക് വില കല്പിക്കുന്ന അഭിലാഷിന് നാടിന്റെ നാനാഭാഗത്തുമുള്ള സുഹൃത്തുക്കൾ സാമൂഹിക മാധ്യമങ്ങൾ  വഴി ആശംസകൾ നേർന്നു. ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്ക് ഭാരവാഹികൾ തലേ ദിവസം വീട്ടിലെത്തി ആശംസകൾ നേർന്നിരുന്നു.