29 March 2024 Friday

ആ പരിപ്പൊന്നും ഇവിടെ വിലപ്പോകില്ല:ഗവർണർക്കെതിരെ വീണ്ടും മുഖ്യമന്ത്രി

ckmnews

ആ പരിപ്പൊന്നും ഇവിടെ വിലപ്പോകില്ല:ഗവർണർക്കെതിരെ വീണ്ടും മുഖ്യമന്ത്രി


പാലക്കാട്∙ അധികാരപരിധിക്ക് അപ്പുറം കടക്കാന്‍ ഗവര്‍ണര്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചേ ഗവര്‍ണര്‍ക്കും പ്രവര്‍ത്തിക്കാനാവൂ. മാധ്യമങ്ങളെ താന്‍ സിന്‍ഡിക്കറ്റ് എന്നുവിളിച്ചില്ലേ എന്നാണ് ചോദിക്കുന്നത്. അത്തരം പരിപ്പൊന്നും ഇവിടെ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി മണ്ണാര്‍ക്കാട് പറഞ്ഞു.


ആരോട് ഇറങ്ങിപ്പോകാൻ ആരു പറഞ്ഞു എന്നാണ്. ആരെയാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. ഈ നാട്ടിൽ അന്തസ്സോടെ പറയാൻ കഴിയുന്ന കാര്യങ്ങൾ പറയാൻ കഴിയുന്നവർ തന്നെയാണ് ഞങ്ങൾ. ആരോടും അപമര്യാദയായി പെരുമാറുന്നില്ല, അതിന്റെ ആവശ്യമില്ല. തോണ്ടിക്കളയാം എന്ന് വെച്ചാൽ, ആ തോണ്ടലൊന്നും ഇവിടെ ഏശില്ലയെന്നും മുഖ്യമന്ത്രി പറഞ്ഞു.



ഗവർണർ എന്ന സ്ഥാനത്തിരിക്കുന്നതിന്റെ ഭാഗമായി നിങ്ങൾക്ക് അധികാരങ്ങളും പദവികളുമുണ്ട്. അതുവച്ച് പ്രവർത്തിച്ചു കൊള്ളണം. അതിനപ്പുറം ഒരിഞ്ച് കടക്കാമെന്ന് കരുതരുത്. ഭരണഘടന നൽകിയിട്ടുള്ള അധികാരങ്ങളുണ്ട്. സംസ്ഥാന സർക്കാർ എന്താണ് ഉപദേശിക്കുന്നത് അതനുസരിച്ച് കാര്യങ്ങൾ ചെയ്യുക എന്നതാണത്. നിങ്ങൾക്ക് വ്യക്തിപരമായി ഒരു കാര്യവും ചെയ്യാനാവില്ല. അത്തരത്തിൽ ഒന്നുമായി പുറപ്പെടുകയും വേണ്ട. അങ്ങനെ ഒരു പുറപ്പെടലും സമ്മതിക്കുന്ന നാടല്ല കേരളം എന്ന് മനസ്സിലാക്കിക്കൊള്ളണമെന്നും മുഖ്യമന്ത്രി ഗവർണർക്ക് താക്കീത് നൽകി.