25 April 2024 Thursday

'നാല് മാധ്യമങ്ങൾക്ക് ഗവര്‍ണര്‍ പ്രവേശനം നിഷേധിച്ചത് തെറ്റ്', എല്ലാവരെയും കാണണമെന്ന് സതീശന്‍

ckmnews

തിരുവനന്തപുരം: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വാര്‍ത്താസമ്മേളനത്തില്‍ നാല് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ചത് തെറ്റെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ആ കസേരയിൽ ഇരുന്ന് ചെയ്യുന്നത് ശരിയല്ലെന്നും അത് പിൻവലിച്ച്‍ എല്ലാവരെയും കാണണമെന്നും സതീശന്‍ പറഞ്ഞു. കൈരളി, ജയ്‍ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ മാധ്യമങ്ങളെയാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഒഴിവാക്കിയത്. അനുമതി ചോദിച്ചിട്ടും രാജ്ഭവന്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് ശേഷം പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട്, പാര്‍ട്ടി കേഡര്‍മാരോട് സംസാരിക്കാന്‍ താല്‍പ്പര്യമില്ലെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.


അതേസമയം വിസിമാര്‍ക്ക് എതിരായ ഗവർണ്ണറുടെ നടപടിയെക്കുറിച്ച് യുഡിഎഫിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്. മുസ്ലിം ലീഗ് പൂർണ്ണമായും ഗവർണ്ണറെ തള്ളിപ്പറയുമ്പോൾ കെ സുധാകരനും വി ഡി സതീശനും നടപടി ശരിവെക്കുകയാണ്. എന്നാൽ  കെ സി വേണുഗോപാൽ ഗവർണ്ണർ സ്വയം ഭരണത്തിൽ കൈകടത്തുകയാണെന്ന് വിമർശിച്ചു.