27 March 2023 Monday

പൊലീസെന്ന വ്യാജേനയെത്തി ബസ് യാത്രക്കാരനില്‍ നിന്ന് 1.5 കോടി കവര്‍ന്ന കേസ്; മുഴുവന്‍ പ്രതികളും പിടിയില്‍

ckmnews

വയനാട്: തിരുനെല്ലിയിൽ  സ്വകാര്യ ബസ് തടഞ്ഞ് നിർത്തി യാത്രക്കാരനിൽ നിന്നും ഒന്നരക്കോടിയോളം രൂപ കവർച്ച ചെയ്ത സംഭവത്തിൽ 3 പ്രതികൾ കൂടി പിടിയിലായി. കോഴിക്കോട് സ്വദേശികളായ ജംഷീദ്, മൻസൂർ, മലപ്പുറം സ്വദേശി ഷഫീർ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറത്ത് നിന്നാണ് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം  പ്രതികളെ പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം 4 പ്രതികളെ കർണാടക മാണ്ഡ്യയിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. 


ഒക്ടോബർ 5 ന് പുലർച്ചെയാണ് 7 അംഗ സംഘം ഇന്നേവയിലെത്തി സ്വകാര്യ ബസ് യാത്രക്കാരന്‍റെ കൈയില്‍ നിന്നും ഒന്നരക്കോടി രൂപ കവർച്ച നടത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവയില്‍ പൊലീസ് എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ചിരുന്നു. ഇന്നോവയിലെത്തിയ സംഘം ബസ് തടഞ്ഞ് നിര്‍ത്തിയാണ് തിരൂർ സ്വദേശിയായ യാത്രക്കാരനില്‍ നിന്നും ഒരു കോടി നാലപ്പത് ലക്ഷം രൂപ കവര്‍ന്നത്.