25 April 2024 Thursday

ഗവര്‍ണര്‍ക്കെതിരെ പ്രക്ഷോഭത്തിന് എല്‍ഡിഎഫ്; 15ന് രാജ്ഭവനു മുന്നില്‍ ധര്‍ണ

ckmnews

ഗവര്‍ണര്‍ക്കെതിരെ പ്രക്ഷോഭത്തിന് എല്‍ഡിഎഫ്; 15ന് രാജ്ഭവനു മുന്നില്‍ ധര്‍ണ


തിരുവനന്തപുരം:ഗവര്‍ണര്‍ക്കെതിരെ സമരത്തിനൊരുങ്ങി എൽഡിഎഫ്. നവംബര്‍ 15ന് രാജ്ഭവനു മുന്നിൽ ധര്‍ണ നടത്താനാണ് മുന്നണിയുടെ തീരുമാനം. ധര്‍ണയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ഉന്നതനേതാക്കൾ പങ്കെടുക്കും. ജില്ലാതലങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. നവംബര്‍ രണ്ടിന് വിദ്യാഭ്യാസ വിദഗ്ധരെ ഉള്‍പ്പെടുത്തി സംസ്ഥാനതല കണ്‍വന്‍ഷന്‍ നടത്തും. 12ന് മുൻപു കോളജുകളിലും സർവകലാശാല കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.


ഗവര്‍ണർ നടത്തുന്നത് അധികാരദുര്‍വിനിയോഗമാണെന്നു എം.വി.ഗോവിന്ദന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗവര്‍ണറുടെ വഴിവിട്ട നീക്കങ്ങള്‍ സംഘപരിവാര്‍ അജന്‍ഡയാണ്. സര്‍വകലാശാലകളുടെ സ്വയംഭരണാധികാരം തകര്‍ക്കാനാണ് ശ്രമം. സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് നിയമവിരുദ്ധമായ അധികാര ദുര്‍വിനിയോഗം നടത്തി. ആർഎസ്എസ് അനുഭാവികളെ തിരുകിക്കയറ്റാനാണ് ശ്രമം. ഇതിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങണം.



ആർഎസ്‌എസ്‌ അനുഭാവിയെന്ന്‌ പ്രഖ്യാപിച്ചുകൊണ്ടാണ്‌ ഗവർണർ മുന്നോട്ടുപോകുന്നത്‌. സർവകലാശാല വിഷയത്തിൽ ഗവർണറുടേത് സ്വേച്ഛാധിപത്യ ഇടപെടലാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ കൈപ്പിടിയിലൊതുക്കാനാണ് ഗവർണറുടെ ശ്രമം. ഇതിനെതിരെ ജനകീയ പ്രതിരോധം തീർക്കുകയാണ് ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഇത്തരം നീക്കങ്ങളെ എൽഡിഎഫ്‌ ചെറുക്കും.



സർവകലാശാല രംഗത്ത് സർക്കാർ നടപ്പാക്കിയത് വിപ്ലവാത്മകരമായ പദ്ധതികളാണ്. എംജി, കാലിക്കറ്റ് സർവകലാശാലകൾ എ ഗ്രേഡ് നേടി ദേശീയതലത്തിൽ ശ്രദ്ധനേടിക്കഴിഞ്ഞു. നേരത്തെ കാലടി സർവകലാശാലയും ഈ നേട്ടം കൈവരിച്ചിരുന്നു. ജനാധിപത്യരീതിയിലൂടെ അധികാരത്തിൽ വരാൻ കഴിയില്ല എന്ന്‌ മനസിലാക്കിയ ശക്തികൾ ചാൻസലർ പദവിയിലൂടെ വഴിവിട്ട നീക്കങ്ങൾ നടത്തുകയാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.


ഗവര്‍ണര്‍ കോടതിയാകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നു. മന്ത്രിമാരെ പിന്‍വലിക്കുമെന്ന് പറയുന്നത് വമ്പത്തരം മാത്രമാണ്. ചാന്‍സലര്‍ പദവില്‍നിന്നു ഗവര്‍ണറെ നീക്കുന്നത് എൽഡിഎഫ് ചര്‍ച്ച ചെയ്യും. ഭരണഘടന വായിച്ചവര്‍ക്ക് സത്യമറിയാമെന്നും കാനം വ്യക്തമാക്കി.